ഇസ്ലാമാബാദ് : ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെതിരെ ട്വിറ്ററിലൂടെ നടത്തിയ ആരോപണം പിൻവലിച്ച് പാകിസ്താൻ മനുഷ്യാവകാശ വകുപ്പ് മന്ത്രി. ഫ്രാൻസിൽ മുസ്ലീം ജനതയ്ക്കതിരെ അതിക്രമമാണ് നടക്കുന്നതെന്ന രൂക്ഷമായ ആരോപണമാണ് ഷിറീൻ മസാരി ട്വിറ്ററീലൂടെ പങ്കുവെച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ഫ്രാൻസ് വിദേശകാര്യ മന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതോടെ ഷിറീൻ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
ജൂതന്മാരോട് എങ്ങനെയാണോ രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി സ്വേച്ഛാധിപതികൾ പെരുമാറിയിരുന്നത് അതിനേക്കാൾ ഭീകരമായാണ് ഇമ്മാനുവൽ മക്രോൺ ഫ്രാൻസിലെ മുസ്ലീം ജനതയെ കാണുന്നതെന്നും, ജൂതന്മാർക്ക് വസ്ത്രത്തിൽ മഞ്ഞ സ്റ്റാർ വയ്ക്കാൻ നിർബന്ധിതരായതുപോലെ ഫ്രാൻസിലെ മുസ്ലീം ജനതയ്ക്കും നമ്പറുളള ഐഡി കാർഡുകൾ നൽകുമെന്നുമായിരുന്നു ഷിറീന്റെ ആരോപണം. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി ആളുകൾ രംഗത്തെത്തിയതോടെ ഷിറീൽ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
മതമൗലിക വാദികളുടെ ഭീകരാക്രമണം ഫ്രാൻസിൽ കൂടിവരുന്ന സാഹചര്യത്തിൽ മുസ്ലീം സംഘടനയിൽ വിദേശ രാജ്യങ്ങളുടെ ഇടപെടലുകൾ നിർത്തലാക്കണമെന്ന് ഇമ്മാനുവൽ മാക്രോൺ കർശന നിർദ്ദേശം നൽകിയിരുന്നു. റിപ്പബ്ലിക്കൻ ചാർട്ടർ അംഗീകരിക്കാനും ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലീം ഫെയ്ത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതമൗലിക വാദത്തിന് അന്ത്യം കുറിക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് ഇമ്മാനുവൽ മാക്രോൺ അറിയിച്ചിരുന്നു.
മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രചരിപ്പിച്ചതിന്റെ പേരിൽ കഴിഞ്ഞ മാസം അദ്ധ്യാപകനെ മതമൗലിക വാദികൾ തലയറുത്തു കൊന്നിരുന്നു. ഇതേത്തുടർന്നാണ് മതമൗലികവാദം ഇല്ലാതാക്കാനുള്ള നടപടികൾ ഇമ്മാനുവൽ മാക്രോൺ സ്വീകരിച്ചത്. സംഭവത്തിനു പിന്നാലെ നിരവധി പള്ളികളും മദ്രസകളും അടച്ചുപൂട്ടുകയും മതമൗലികർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രചരിപ്പിച്ചതിന്റെ പേരിൽ മതമൗലികവാദികളുടെ അക്രമങ്ങൾ ഫ്രാൻസിൽ കത്തിപ്പടർന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഫ്രാൻസിലെ മുസ്ലീം മതമൗലിക വാദികൾക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് പാക് മന്ത്രി രംഗത്തെത്തിയത്.
Post Your Comments