ശബരിമല: തീര്‍ത്ഥാടകരുടെ ഗണ്യമായ കുറവിനെ തുടര്‍ന്ന് ശബരിമലയില്‍ ആഴി അണഞ്ഞു. തീര്‍ത്ഥാടന കാലയളവില്‍ ശബരിമലയിലെ ശ്രേഷ്ഠമായ കാഴ്കളിലൊന്നായിരുന്നു ജ്വലിച്ചു നില്ക്കുന്ന ആഴി. നെയ്യഭിഷേകത്തിന് ശേഷം നെയ്ത്തേങ്ങയുടെ പകുതി, തീര്‍ത്ഥാടകര്‍ ഇവിടെ സമര്‍പ്പിക്കുകയാണ് ചെയ്യാറ്. ഇത്തവണയും വൃശ്ചികത്തലേന്ന് ദീപം പകര്‍ന്നുവെങ്കിലും ഭക്തരുടെ എണ്ണം കുറവായതിനാല്‍ ആഴി അണഞ്ഞു.
തീര്‍ത്ഥാടനത്തിന് തുറക്കം കുറിച്ചുകൊണ്ട് നടതുറന്നുദീപം തെളിഞ്ഞുകഴിഞ്ഞാല് പിന്നെ പടിയിറങ്ങിവന്നു മേല്‍ശാന്തി തിരി തെളിക്കുന്ന ആഴിയ്ക്ക് അതിന്റെതായ പ്രാധാന്യമുണ്ട്. ഭക്തര്‍ കൊണ്ടുവരുന്ന പരിശുദ്ധനെയ്യ് വഹിച്ച നാളികേരം ദഹിച്ചമരുന്ന ഹോമാഗ്നിയാണ് ആഴി എന്നാണ് വിശ്വാസം. നാളികേരം കത്തി ഉണ്ടാകുന്ന തീയും പുകയും ശബരിമലയെ ആകെ പരിശുദ്ധമാക്കുന്നുവെന്നും രോഗാണുക്കളെ മുഴുവന്‍ ഇല്ലാതാക്കുന്നുവെന്നും ഭക്തര്‍ വിശ്വസിക്കുന്നു.
ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിക്ക് താഴെ എരിയുന്ന അഗ്നികുണ്ഡമാണ് മഹാ ആഴി. ആകാശത്തോളം പടരുന്ന അഗ്നിസ്ഫുലിംഗങ്ങള്‍ സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ചൈതന്യമേകുന്ന കാഴ്ചയാണ്. പൂജകൾക്കായി ശബരിമല നട തുറക്കുമ്പോഴാണ് ആഴിയ്ക്കും തിരിതെളിയുന്നത്. ശ്രീകോവിലിനുള്ളിൽ നിന്നും കൊളുത്തിയ അഗ്നി മേൽശാന്തിയാണ് ആഴിയിലേക്ക് പകരുന്നത്.
വ്രതശുദ്ധിയുടെ നിറവില്‍ കാനനപാതയുടെ കാഠിന്യമളന്ന പാദങ്ങളുമായി സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തര്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ആഴിയിലേക്ക് നാളികേരമെറിയുന്നു. ശരണമന്ത്രങ്ങളോടെ ഇരുമുടിക്കെട്ടില്‍ നെയ്ത്തേങ്ങയുമായി മലയിലെത്തുന്ന സ്വാമിമാര്‍ നെയ്യ് ശ്രീകോവിലിലെ അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകത്തിനായി സമര്‍പ്പിക്കുന്നു. ശേഷം തേങ്ങയുടെ മുറികള്‍ മഹാ ആഴിയിലെറിയുകയും ചെയ്യുന്നു.
ഇരുമുടിയിലെ നെയ്ത്തേങ്ങ ജീവാത്മാവാണെന്നാണ് സങ്കല്പം.നെയ്യ് അഭിഷേകം ചെയ്യുമ്പോള്‍ ജീവാത്മാവ് അയ്യപ്പനില്‍ വലയം പ്രാപിക്കുന്നു. നെയ്യ് നീക്കിയ തേങ്ങ ജഡ ശരീരമായി കരുതി അത് ആഴിയില്‍ എരിക്കുകയാണ്. ദര്‍ശനകാലത്ത് രാപകല്‍ ഭേദമെന്യേ ഇടമുറിയാതെ വീഴുന്ന നാളികേരം എരിയുന്ന അഗ്നിശോഭയില്‍ ഈ മഹാ അഗ്നികുണ്ഡം എപ്പോഴും ജ്വലിച്ചു നിൽക്കും.
Post Your Comments