ദില്ലി : ദില്ലി കലാപക്കേസിലെ പ്രതിയായ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെയും ഗവേഷണ വിദ്യാര്‍ത്ഥി ഷാര്‍ജീല്‍ ഇമാമിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി നവംബര്‍ 23 വരെ നീട്ടി. കര്‍ശനമായ നിയമവിരുദ്ധ പ്രവര്‍ത്തന നിയമപ്രകാരം അറസ്റ്റിലായ രണ്ട് പ്രതികളും ജുഡീഷ്യല്‍ റിമാന്‍ഡ് അവസാനിച്ച സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിന്റെ മുമ്പാകെ ഹാജരാക്കിയത്.
53 പേര്‍ മരിക്കുകയും 748 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന് ജനങ്ങളെ പ്രേരിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇരുവര്‍ക്കുമെതിരായ കേസ്. ഖാലിദിനെതിരെ സമര്‍പ്പിച്ച കേസില്‍ സാമുദായിക അക്രമം ഖാലിദും മറ്റുള്ളവരും നടത്തിയ ഗൂഢാലോചനയാണെന്ന് പോലീസ് അവകാശപ്പെട്ടിരുന്നു.
നവംബര്‍ ആറിന് ഖാലിദിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ദില്ലി പോലീസ് അനുമതി നല്‍കിയിരുന്നു. ഖാലിദിനെതിരെ ദില്ലി സര്‍ക്കാരില്‍ നിന്നും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചതോടെ ദില്ലി പോലീസിന് അവരുടെ അനുബന്ധ കുറ്റപത്രത്തില്‍ പ്രതികളുടെ പേര് ചേര്‍ക്കാം. എന്നാല്‍ യുഎപിഎയുടെ സെക്ഷന്‍ 13 പ്രകാരം പ്രതികളെ വിചാരണ ചെയ്യുന്നതിന് ദില്ലി പോലീസിന് എംഎച്ച്എയില്‍ നിന്നും 16, 17, 18 വകുപ്പുകള്‍ പ്രകാരം ദില്ലി സര്‍ക്കാരില്‍ നിന്നും അനുമതി ആവശ്യമാണ്.
കലാപത്തിനിടെ അക്രമങ്ങള്‍ നടത്തിയതിന് 15 പേര്‍ക്കെതിരെ ദില്ലി പോലീസ് 17,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. യുഎപിഎ, ആയുധ നിയമം, ഇന്ത്യന്‍ പീനല്‍ കോഡ് എന്നിവ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Post Your Comments