തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പ്രതിപക്ഷത്തിന്റെ പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് സ്പീക്കര്‍ വിശദീകരണം തേടി. കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടി. എത്രയും വേഗം മറുപടി നല്‍കണമെന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ നിര്‍ദേശം. സഭയില്‍ വെക്കും മുൻപേ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇക്കാര്യത്തില്‍ ധനമന്ത്രിയുടെ വിശദീകരണം ലഭിച്ചശേഷമാകും പരാതി പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുന്നതിനെ കുറിച്ച് തീരുമാനമെടുക്കുക.
സഭയുടെ പ്രത്യേക അവകാശങ്ങള്‍ ഹനിച്ച മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിഡി സതീശന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാര്‍ക്കെതിരായ അവകാശ ലംഘന പരാതികള്‍ പരിഗണിക്കുന്നതിന്റെ നടപടി ക്രമമെന്നോണമാണ് സ്പീക്കര്‍ ഐസക്കിനോട് വിശദീകരണം തേടിയിരിക്കുന്നത്. വിശദീകരണം തൃപ്തികരമാണെങ്കില്‍ സ്പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ച് നടപടികള്‍ അവസാനിപ്പിക്കാം. അല്ലെങ്കില്‍ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാം.
ആവശ്യമെങ്കില്‍ പ്രിവിലേജസ് കമ്മിറ്റി മന്ത്രിയുടെയും മറുഭാഗത്തിന്റെയും വിശദീകരണം തേടിയശേഷം നിര്‍ദ്ദേശം സ്പീക്കറെ അറിയിക്കും. ചട്ടപ്രകാരം ഗവര്‍ണര്‍ക്ക് ലഭിക്കേണ്ട സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നും മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ അതിന്റെ വിവരങ്ങള്‍ പങ്കുവെച്ചുവെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഗുരുതരമായ ചട്ടലംഘനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ കിഫ് ബി ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങളെ സിഎജിയുടെ കേന്ദ്ര ഏജന്‍സികളുടെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ധനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്. എന്നാല്‍ നിയമസഭയില്‍ വെക്കാത്ത സിഎജി റിപ്പോര്‍ട്ട് ധനമന്ത്രിക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
ചട്ടപ്രകാരം ഗവര്‍ണര്‍ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ട് ധനമന്ത്രി മോഷ്ടിക്കുകയായിരുന്നോ എന്നായിരുന്നു ചെന്നിത്തലയുടെ ആക്ഷേപം. സഭ ചട്ടങ്ങളും നിയമങ്ങളും ലംഘിക്കുന്ന ധനമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തലയും ബിജെപി അധ്യക്ഷൻ സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാദങ്ങളുടെ പേരില്‍ രാജിവെക്കില്ലെന്നു തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.
Post Your Comments