കട്ടപ്പന: തെരഞ്ഞെടുപ്പ് ചെലവിലേക്കായി വായ്പ വാങ്ങിയ 15 ലക്ഷം രൂപ എം.എല്‍.എയുടെ ഭര്‍ത്താവ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തെന്നു പരാതി. പീരുമേട് എം.എല്‍.എ: ഇ.എസ്. ബിജിമോളുടെ ഭര്‍ത്താവ് പി.ജെ. റെജിക്കെതിരേയാണ് ഉപ്പുതറ കോതപാറ കപ്പാലുമൂട്ടില്‍ കെ.എം. ജോണ്‍ (ജോയിച്ചന്‍) ജില്ലാ പോലീസ് സൂപ്രണ്ടിനു പരാതി നല്‍കിയത്. സി.എം.പി. 794/2020 പ്രകാരം പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വഞ്ചനാക്കേസ് ഫയല്‍ ചെയ്തു.
കേസെടുത്ത് അന്വേഷിക്കാന്‍ പീരുമേട് സി.ഐയോടു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. ജോണും ഭാര്യയും റെജിയുടെ ഏലപ്പാറയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായി ജോണിന്റെ പേരിലുള്ള 79.5 സെന്റ് സ്ഥലം ഏലപ്പാറ കേരള ഗ്രാമീണ്‍ ബാങ്കില്‍ പണയം വയ്ക്കുകയായിരുന്നു.
റെജിയാണ് 2016 മേയ് 11ന് രേഖകള്‍ ജോണില്‍നിന്ന് ഒപ്പിടുവിച്ചു വാങ്ങിയത്. വായ്പയായി ലഭിച്ച തുക അതേ ബാങ്കില്‍ ജോണിന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു.13-ന് ബാങ്കില്‍ ചെല്ലണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ജോണ്‍ ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടിലുണ്ടായിരുന്ന 15 ലക്ഷം രൂപ റെജി പിന്‍വലിച്ചെന്നറിഞ്ഞത്. ജോണിന്റെ വ്യാജ ഒപ്പിട്ട് ചെക്ക് നല്‍കിയാണ് തുക പിന്‍വലിച്ചതെന്നും അറിഞ്ഞു.
പിന്നീട് മടക്കിച്ചോദിച്ചെങ്കിലും പണം കിട്ടിയില്ല. പിന്നീട് ജോണിന് ബാങ്കില്‍നിന്നു ജപ്തി നോട്ടീസ് ലഭിച്ചു. സി.പി.ഐ. മണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരോടു പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ജോണ്‍ കഴിഞ്ഞ 30-ന് ജില്ലാ പോലീസ് സൂപ്രണ്ടിനു പരാതി നല്‍കിയത്.
Post Your Comments