തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. തോമസ് ഐസക്കിനെപ്പോലെ ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് പൊതുസമൂഹത്തിന് മുന്നില്‍ കള്ളം പറഞ്ഞ് സ്വയം പരിഹാസ്യനായത് എന്തിനാണെന്ന ചോദ്യവുമായി കേന്ദ്ര മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സിഎജി അന്തിമ റിപ്പോർട്ടെന്ന് ധന മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
തോമസ് ഐസക്കിനെപ്പോലെ ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് പൊതുസമൂഹത്തിന് മുന്നില്‍ കള്ളം പറഞ്ഞ് സ്വയം പരിഹാസ്യനായത് എന്തിനാണ്? കഴിഞ്ഞ മൂന്നു ദിവസവും സിഎജി കരട് റിപ്പോര്‍ട്ടിലെ ഉള്ളടക്കമാണ് താന്‍ പറയുന്നതെന്ന് ആവര്‍ത്തിച്ച മന്ത്രി കള്ളം കയ്യോടെ പിടികൂടിയപ്പോള്‍ തെറ്റ് ഏറ്റു പറഞ്ഞിരിക്കുന്നു. നിയമസഭയില്‍ വയ്ക്കേണ്ട സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടാണ് മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞതെന്ന് കേരളത്തിന്‍റെ ധനമന്ത്രി സമ്മതിച്ചത് ഗൗരവമുള്ള വിഷയമാണ്.
ഐസക്ക് പറയുംപോലെ ‘അത് പിന്നീട് നോക്കാം ‘എന്ന് പറയാന്‍ എകെജി സെൻറർ അല്ല കേരളനിയമസഭ. ജനാധിപത്യത്തോടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകൂടിയാണ് നിയമസഭയെ അവഹേളിക്കുകയും അതിനെ നിസാരവല്‍ക്കരിക്കുകയും ചെയ്യുന്നതിലൂടെ പുറത്തുവന്നത്. ഇതേ ഐസക്കാണ് പറയുന്നത് കരട് റിപ്പോര്‍ട്ടിലില്ലാത്തത് ഡല്‍ഹിയില്‍ ആര്‍എസ്എസ് നിര്‍ദേശ പ്രകാരം എഴുതിച്ചേര്‍ത്തുവെന്ന് ! പറയുന്ന കാര്യത്തിന് മൂന്നു ദിവസത്തെ ആയുസുപോലുമില്ലാത്ത ഇദ്ദേഹത്തിന്‍റെ വാക്കുകളെ ആര് വിശ്വസിക്കാന്‍ !? കള്ളം പറഞ്ഞിട്ട് ‘ഉത്തമബോധ്യം’ എന്നൊരു ന്യായീകരണവും. സിഎജിക്കെതിരെ ഗൂഢാലോചന സിദ്ധാന്തം ആരോപിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഭരണഘടനാ സംരക്ഷകരുടെ വേഷമണിയുന്നത്.
Read Also: സുരേഷ് ഗോപിയുടെ സ്വാധീനത്തിൽ ആത്മവിശ്വാസം; കോർപ്പറേഷൻ കയ്യടക്കാനൊരുങ്ങി ബി. ഗോപാലകൃഷ്ണന്‍
സിഎജി റിപ്പോര്‍ട്ട് ചോരുന്നത് ‘ആരോഗ്യകരമായ കീഴ്‌വഴക്കമല്ല’ എന്ന മുന്‍ നിലപാട് ഇപ്പോഴുമുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. മാത്രവുമല്ല , സിഎജിയില്‍ എന്നാണ് അദ്ദേഹത്തിന് അവിശ്വാസം തുടങ്ങിയതെന്നും പിണറായി വിജയന്‍ പറയണം. ലൈഫ് മിഷന്‍, കെഫോണ്‍ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ ഫയല്‍ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടപ്പോള്‍ അവയെല്ലാം സിഎജി ഓഡിറ്റിന് വിധേയമായതിനാല്‍ ശുദ്ധമാണെന്നാണല്ലോ മുഖ്യമന്ത്രി പറഞ്ഞത്. അതേ സിഎജി എങ്ങനെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ ഗൂഢാലോചനക്കാരുടെ ഭാഗമായത് ? സിഎജി ഉന്നയിക്കുന്നത് (ഐസക്ക് പറയുന്നതനുസരിച്ച്) കൃത്യമായ ഭരണഘടനപ്രശ്നമാണ്. സംസ്ഥാന സര്‍ക്കാര്‍ ഈടു നിന്ന് ഇത്രവും വലിയ വിദേശവായ്പ കേന്ദ്രാനുമതി ഇല്ലാതെ വാങ്ങാനാകുമോ? വസ്തുതാപരമായ ചോദ്യങ്ങള്‍ക്ക് വസ്തുതാപരമായാണ് ഉത്തരം നല്‍കേണ്ടത്. അല്ലാതെ എന്തിനും ഏതിനും കേന്ദ്രം “ഞങ്ങളെ കൊല്ലാന്‍ വരുന്നേ ” എന്നല്ല പറയേണ്ടത്.
Post Your Comments