തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെടുവാൻ കാരണം പ്രതികൾ തമ്മിലുള്ള ലൈംഗിക ബന്ധം കാണാനിടയായതാണെന്ന് പ്രോസിക്യൂഷന്റെ ശക്തമായ വാദം. പഠിക്കുന്നതിന് വേണ്ടി പുലര്‍ച്ചെ ഉണര്‍ന്ന അഭയ 1992 മാര്‍ച്ച് 27 ന് വെളുപ്പിന് 4.15 ന് പയസ് ടെന്റ് കോണ്‍വെന്റിലെ അടുക്കളയിലുള്ള ഫ്രിഡ്ജില്‍ നിന്നും വെള്ളം എടുത്ത് കുടിക്കുമ്പോള്‍ അടുക്കളയോട്ചേര്‍ന്ന മുറിയിലെ താമസക്കാരിയായ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഒന്നാം പ്രതിയായ ഫാ.തോമസ് കോട്ടൂരും തമ്മിലുള്ള ലൈംഗികബന്ധം കാണാന്‍ ഇടയായി.
ഇതിന്റെ ശക്തമായ തെളിവുകൾ കോടതിക്ക് മുന്നിൽ തന്നെയുണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.സനല്‍ കുമാര്‍ മുന്‍പാകെ വാദിച്ചു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 234 പ്രകാരമാണ് സെഷന്‍സ് കേസില്‍ കോടതി പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കേള്‍ക്കുന്നത്.
പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് ഹാജരാക്കിയതും കോടതി അക്കമിട്ട് തെളിവില്‍ സ്വീകരിച്ച രേഖകളുടെയും പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് വിസ്തരിച്ച 49 സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം ഉന്നയിക്കുന്നത്.ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 233 പ്രകാരം പ്രതിഭാഗം തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് 234 പ്രകാരമുള്ള അന്തിമവാദം കേള്‍ക്കുന്നത്.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് ശേഷം ഫാ.തോമസ് കോട്ടൂരിനെയും,ഫാ.ജോസ് പൂതൃക്കയിലിനെയും കോണ്‍വെന്റിന്റെ സ്റ്റെയര്‍കേസ് വഴിടെറസിലേയ്ക്ക് കയറിപോകുന്നത്കണ്ടു എന്നും പ്രോസിക്യൂഷന്‍ മൂന്നാം സാക്ഷി അടയ്ക്കരാജു സിബിഐ കോടതിയില്‍ മൊഴി നല്‍കിയ കാര്യം പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി.
എന്നാലിവിടെ പ്രതിഭാഗം സാക്ഷികളോ രേഖകളോ ഹാജരാക്കിയിട്ടില്ല. ഒരു സാക്ഷിയെ വിസ്തരിക്കാന്‍ ഹര്‍ജി ഫയല്‍ ചെയ്ത് കോടതി സമന്‍സ് ഉത്തരവ് പുറപ്പെടുവിച്ച ശേഷം പ്രതികള്‍ തന്നെ പിന്‍മാറി സാക്ഷിയെ വിസ്തരിക്കാതെ ഒഴിവാക്കുകയായിരുന്നു.വാദം നാളെയും (നവംബര്‍ 19) തുടരും.
Post Your Comments