കലിഫോര്‍ണിയ: യുവാവിനെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ച ഇന്ത്യൻ ദമ്പതികൾക്ക് അറസ്റ്റ്. ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന യുവാവിനെ വേതനം നല്‍കാതെ എല്ലാ ദിവസവും പണിയെടുപ്പിച്ച ഇന്ത്യന്‍ ദമ്പതികലാണ് അമേരിക്കയില്‍ അറസ്റ്റിലായത്. ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്തിച്ച ശേഷം ഇവരുടെ മദ്യ വിതരണ കേന്ദ്രത്തില്‍ ജോലിക്ക് വെച്ച യുവാവിനെ ദിവസവും 15 മണിക്കൂര്‍ വീതമാണ് ജോലി ചെയ്യിച്ചത്. ആഴ്ചയില്‍ ഏഴ് ദിവസവും യുവാവിനെ പണി എടുപ്പിച്ചിരുന്നു. മാത്രമല്ല ശമ്പളമായി യുവാവിന് ചില്ലറ പൈസ പോലും നല്‍കിയില്ല.
എന്നാൽ യുവാവിന്റെ ദയനീയാവസ്ഥ പുറത്തെത്തിയതോടെ ഗില്‍റോയ് പൊലീസാണ് ഇന്ത്യക്കാരായ ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ദമ്പതിമാരായ ബല്‍വിന്ദര്‍ മാന്‍, അമര്‍ജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. ജയിലില്‍ കഴിഞ്ഞ ഇവരെ പിന്നീട് മകന്‍ ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യത്തില്‍ പുറത്തിറക്കി. ഇപ്പോള്‍ ഹൗസ് അറസ്റ്റിലാണ് ഇരുവരും കഴിയുന്നത്. നവംബര്‍ പത്തിനാണ് കുറ്റക്കാരാണെന്ന് കണ്ട് ഇവരെ കോടതി ജയിലിലടച്ചത്. ഇവര്‍ക്കെതിരെ ലേബര്‍ ഹ്യൂമണ്‍ ട്രാഫിക്കിങ്, തടങ്കലില്‍ പാര്‍പ്പിക്കല്‍, വേതനം നല്‍കാതിരിക്കുക, ഗൂഢാലോചന തുടങ്ങിയ 9 കുറ്റങ്ങളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
2019ലാണ് ദമ്പതികള്‍ തങ്ങളുടെ മദ്യശാലയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയില്‍ നിന്നും തങ്ങള്‍ക്കൊപ്പം യുവാവിനെയും അമേരിക്കയിലേക്ക് കൊണ്ടു വന്നത്. യുവാവിന്റെ പാസ്‌പോര്‍ട്ട്, വാങ്ങിവച്ച ശേഷം ഇവരുടെ ലിക്കര്‍ സ്റ്റോറില്‍ ജോലി നല്‍കി. 15 മണിക്കൂര്‍ വിശ്രമമില്ലാതെ തൊഴിലെടുത്ത് ക്ഷീണിച്ച യുവാവിന് കടയോടുചേര്‍ന്നുള്ള ഒരു മുറിയിലാണ് താമസ സൗകര്യം നല്‍കിയിരുന്നത്. പുറത്തു പോകാന്‍ അനുമതിയില്ലായിരുന്നു.
ഫെബ്രുവരിയിലാണ് സംഭവം പുറത്തറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് മദ്യം വിറ്റ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിനിടയിലാണ് യുവാവിന്റെ ദയനീയാവസ്ഥ പുറംലോകം അറിയുന്നത്. മാധ്യമങ്ങളിലും ഇത് വാര്‍ത്തയായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യന്‍ ദമ്പതികളുടെ അറസ്റ്റ്. ഹൗസ് അറസ്റ്റില്‍ കഴിയുന്ന ഇവരുടെ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിട്ടുണ്ട്. സംഭവം പുറത്തു പറഞ്ഞാല്‍ ഇന്ത്യയിലേക്ക് മടക്കിയയക്കുമെന്ന് ദമ്പതികള്‍ ഭീഷിണിപ്പെടുത്തിയിരുന്നതായി യുവാവ് പറയുന്നു. യുവാവ് തങ്ങളുടെ ബന്ധുവാണെന്നും സ്റ്റോറില്‍ ഞങ്ങളെ സഹായിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂവെന്നും ദമ്പതികള്‍ പറയുന്നു.
Post Your Comments