വാഷിംഗ്ടണ്‍ : പാക് സൈന്യത്തിലും പാക് ഇന്റലിജന്‍സ് സര്‍വീസിനുള്ളിലും താലിബാനും അല്‍ ഖ്വയിദയുമായി രഹസ്യ ബന്ധം പുലര്‍ത്തുന്നവര്‍ ഉണ്ട് . വെളിപ്പെടുത്തലുകള്‍ നടത്തി മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. പാകിസ്ഥാനിലെ അബോട്ടാബാദില്‍ അല്‍ ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളത്തില്‍ നടത്തിയ മിന്നലാക്രമണമായ ‘ ഓപ്പറേഷന് നെപ്റ്റിയൂണ്‍ സ്പിയറി’ല്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്താതിരുന്നതിന്റെ കാരണം ഇതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘ ദ പ്രോമിസ്ഡ് ലാന്‍ഡ് ‘ എന്ന തന്റെ ഓര്‍മക്കുറിപ്പിലൂടെയാണ് ഒബാമയുടെ വെളിപ്പെടുത്തല്‍. യു.എസ് സേനയുടെ അതീവ രഹസ്യ മിലിട്ടറി ഓപ്പറേഷനായിരുന്ന നെപ്റ്റിയൂണ്‍ സ്പിയറിനെ അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന റോബര്‍ട്ട് ഗേറ്റ്സും വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡനും എതിര്‍ത്തിരുന്നുവെന്നും ഒബാമ വെളിപ്പെടുത്തി. ഇന്ന് യു.എസിന്റെ നിയുക്ത പ്രസിഡന്റ് ആണ് ജോ ബൈഡന്.
2011 മേയ് 2നാണ് ബിന്‍ ലാദനെ യു.എസ് കമാന്‍ഡോകള്‍ വധിച്ചത്. അബോട്ടാബാധിലെ പാക് മിലിട്ടറി കന്റോണ്‍മെന്റിനടുത്തുള്ള സുരക്ഷിത താവളത്തിലായിരുന്നു ബിന്‍ ലാദന് കഴിഞ്ഞിരുന്നത്. ബിന്‍ ലാദനെ പറ്റിയുള്ള വിവരം ലഭിച്ചതിന് പിന്നാലെ അയാളെ വകവരുത്താന്‍ നടത്തിയ പദ്ധതികളെ പറ്റിയും ഒബാമ തന്റെ പുസ്തകത്തില്‍ പറയുന്നു.
വിവരങ്ങള്‍ അതീവ രഹസ്യമാക്കി വക്കേണ്ടത് ഓപ്പറേഷന് കൂടുതല്‍ ദുഷ്കരമാക്കിയെന്നും ബിന്‍ ലാദനെ പിടികൂടാന്‍ പോകുന്ന വിവരം ചെറുതായിട്ട് പോലും പുറത്തേക്ക് ചോര്‍ന്നാല്‍ മിഷന് പരാജയപ്പെട്ടേനെയെന്നും ഒബാമ പറയുന്നു. മിഷന്റെ രഹസ്യ സ്വഭാവം മുന്‍നിറുത്തി സര്‍ക്കാരിലെ ചുരുക്കം ചില പേര്‍ക്ക് മാത്രമാണ് മിഷനെ പറ്റി അറിയാമായിരുന്നുള്ളു എന്നും ബിന്‍ ലാദനെ പിടികൂടാന്‍ ഏതു മാര്‍ഗം തിരഞ്ഞെടുത്താലും പാകിസ്ഥാനെ അതില്‍ ഉള്‍പ്പെടുത്തില്ലെന്ന് തീരുമാനിച്ചിരുന്നെന്നും ഒബാമ വെളിപ്പെടുത്തി.
അവസാനഘട്ടത്തില്‍ രണ്ട് മാഗങ്ങളായിരുന്നു മുന്നില്‍. ഒന്ന്, വ്യോമാക്രമണത്തിലൂടെ ഒളിത്താവളം തകര്‍ക്കുക. രണ്ടാമത്തേത് ഒരു സ്പെഷ്യല്‍ മിഷന് അംഗീകാരം നല്‍കുക എന്നതായിരുന്നു. അത് പ്രകാരം തിരഞ്ഞെടുക്കപ്പെട്ട സംഘം രഹസ്യമായി ഹെലികോപ്ടര്‍ വഴി പാകിസ്ഥാനിലേക്ക് പറക്കുകയും അവിടെയത്തി മിന്നലാക്രമണം നടത്തുകയും പാകിസ്ഥാന് പൊലീസോ സൈന്യമോ പ്രതികരിക്കുന്നതിന് മുമ്പ് അവിടെ നിന്ന് പുറത്തുകടക്കുകയും വേണം ‘ ഒബാമ പറയുന്നു.
പല തവണത്തെ ചര്‍ച്ചകള്‍ക്കും ആസൂത്രണത്തിനും ശേഷം നിരവധി അപകട സാദ്ധ്യതകള്‍ മുന്നിലുണ്ടായിരുന്നിട്ടും ഒബാമയും അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ സംഘവും രണ്ടാമത്തെ വഴി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ബിന്‍ ലാധനെ വധിച്ച ശേഷം അന്നത്തെ പാക് പ്രസിഡന്റ് ആയിരുന്ന ആസിഫ് അലി സര്‍ദാരിയെ താന്‍ ഫോണ്‍ വിളിച്ചപ്പോള്‍ അദ്ദേഹം യു.എസിനെ അഭിനന്ദിച്ചതായും ഒബാമ പറയുന്നു. ‘ വളരെ നല്ല വാര്‍ത്ത ‘ എന്നായിരുന്നു സര്‍ദാരി പറഞ്ഞതെന്ന് ഒബാമ വെളിപ്പെടുത്തി.
Post Your Comments