ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും മുന്‍ ബെംഗളൂരു മേയറുമായ സമ്പത്ത് രാജ് അറസ്റ്റില്‍. ഡി.ജെ ഹള്ളി, കെ.ജി ഹള്ളി എന്നിവിടങ്ങളിലുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ മരിക്കുകയും അറുപതോളം പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അക്രമവുമായി ബന്ധപ്പെട്ട് 415 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോവിഡ് -19 ചികിത്സയ്ക്കായി ബെംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമ്പത്തിനെ ഒക്ടോബര്‍ 31 മുതല്‍ കാണാതായിരുന്നു. അക്രമക്കേസില്‍ പ്രതിയാക്കിയതിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് സമ്പത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു.
ഓഗസ്റ്റ് 11 ന് ബെംഗളൂരുവില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കളായ എ.ആര്‍ സക്കീര്‍, സമ്പത്ത് രാജ് എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ മരുമകന്‍ സമൂഹമാധ്യമങ്ങളില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ബെംഗളുരുവില്‍ കലാപമുണ്ടായത്.
Post Your Comments