വാഷിംഗ്‌ടൺ: കസേര വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഡൊണാൾഡ് ട്രംപ്. താന്‍ തന്നെയാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന ട്വീറ്റുമായാണ് തിങ്കളാഴ്‌ച്ച രാവിലെ ട്രംപ് രംഗത്ത്. അതേസമയം, ട്രംപിന് വേണ്ടി നിയമയുദ്ധം ആരംഭിക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ട അഭിഭാഷക സംഘം തങ്ങളുടെ മുന്‍ നിലപാടുകളില്‍ നിന്നും പിന്നോട്ട് പോയിരിക്കുകയാണ്. എന്നാൽ പെന്‍സില്‍വാനിയ ഭരണകൂടത്തിനെതിരെ, വോട്ടുകള്‍ സര്‍ട്ടിഫൈ ചെയ്യുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്ന നിയമജ്ഞര്‍, നിലപാട് മയപ്പെടുത്തി, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് അപ്രാപ്യമായിരുന്ന വോട്ടുകള്‍ അസധുവാക്കണമെന്ന നിലപാടിലേക്ക് മാറി. ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് വേണ്ടത്ര തെളിവുകളില്ലെന്നതിന്റെ തെളിവായി എതിരാളികള്‍ ഈ നിലപാട് മാറ്റത്തെ ചൂണ്ടിക്കാണിക്കുകയാണ്.
എന്നാല്‍, നിലപാടില്‍ മാറ്റമൊന്നും ഇല്ലെന്നും നിരീക്ഷകരെ വോട്ടെണ്ണുന്ന സ്ഥലത്തുനിന്നും ആറടിയോളം അകലത്തില്‍ മാത്രം ഇരിക്കാന്‍ അനുവദിച്ചത് നിയമവിരുദ്ധമാണെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നുമാണ് ട്രംപിന്റെ അനുയായികള്‍ പറയുന്നത്. എട്ടു മണിക്കൂറിനുള്ളില്‍ രണ്ടു തവണയാണ് താനാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന ട്വീറ്റുമായി ട്രംപ് എത്തിയത്. അതേസമയം, ജയിച്ചത് ജോ ബൈഡനാണെന്നും, ചട്ടങ്ങള്‍ക്ക് വിധേയമായി സുഗമമായ അധികാര്‍ക്കൈമാറ്റത്തിന് വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ട് പ്രസിഡണ്ടിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓ ബ്രിയന്‍ രംഗത്തെത്തി. ട്രംപിന്റെ വാദഗതികള്‍ക്ക് വേണ്ടത്ര തെളിവുകളില്ലെന്ന് എഴുതിയ ഒരു മാധ്യമ പ്രവര്‍ത്തകനെ ട്രംപിന്റെ പേഴ്സണല്‍ അഭിഭാഷകനായ റൂഡി ഗിയിലാനി കൈകാര്യം ചെയ്തത് വിവാദമായിട്ടുണ്ട്. അതേസമയം, സുഗമമായ അധികാരകൈമാറ്റത്തിന് വിസമ്മതിക്കുന്ന ട്രംപിന്റെ നടപടി കൂടുതല്‍ കോവിഡ് മരണങ്ങള്‍ക്ക് കാരണമായേക്കും എന്ന മുന്നറിയിപ്പുമായി ജോ ബൈഡനും രഗത്തെത്തി.
Read Also: ഇനി വംശീയ പരാമര്‍ശങ്ങള്‍ കാണില്ല; കമല ഹാരിസിന് ഫേസ്ബുക്കിന്റെ ഉറപ്പ്
കോവിഡ് വ്യാപനം ശക്തമാകുന്ന അമേരിക്കയില്‍, സാമ്പത്തിക രംഗവും അതിഭീകരമായ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. ഇതിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഇന്നലെ രാജ്യത്തെ സി ഇ ഒ മാരുമായും തൊഴിലാളി യൂണിയന്‍ നേതാക്കളുമായും ജോ ബൈഡന്‍ വെര്‍ച്ച്‌വല്‍ മീറ്റിങ് നടത്തുകയുണ്ടായി. ബൈഡന്റെ കോവിഡ് ഉപദേശക സമിതി അംഗം, രാജ്യത്ത് ലോക്ക്ഡൗണ്‍ ആവശ്യമായി വന്നേക്കും എന്ന് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്നലെ നടന്ന മീറ്റിംഗിന് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്പിക്കുന്നത്. ഇതിനിടയില്‍, കോവിഡ് വാക്സിന്‍ ഗവേഷണം നടത്തിയിരുന്ന മൊഡേണ, തങ്ങളുടെ വാക്സിന് 95% രോഗവ്യാപനം തടയാനുള്ള കഴിവുണ്ടെന്ന അവകാശ വാദവുമായി മുന്നോട്ട് വന്നു. വിപുലമായ രീതിയില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ വിശകലനം ചെയ്തിട്ടാണ് ഈ അനുമാനത്തില്‍ എത്തിയതെന്നും കമ്ബനി അവകാശപ്പെട്ടു. ഏതായാലും, ഫൈസറിനു പുറകേ മൊഡേണയുടെ അവകാശവാദം കൂടി എത്തിയതോടെ അമേരിക്കയില്‍ പ്രത്യാശയുടെ മുകുളങ്ങള്‍ വിരിഞ്ഞിട്ടുണ്ട്.
ഡിസംബർ മുതല്‍ പ്രതിരോധ കുത്തിവയ്പ് ആരംഭിക്കാനാണ് ആലോചിക്കുന്നതെങ്കിലും അടുത്ത ശരത്ക്കാലം വരെ ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് തോന്നുന്നില്ല. അതായത്, ശൈത്യകാലത്തടക്കം പൂര്‍ണ്ണമായോ ഭാഗികമായോ ലോക്ക്ഡൗണുകള്‍ രാജ്യത്ത് ആവശ്യമായി വന്നേക്കാം. മുന്നില്‍ ഇരുട്ട് മാത്രമുള്ള ഒരു ശൈത്യകാലത്തേക്കാണ് ഇപ്പോള്‍ അമേരിക്ക പോകുന്നതെന്ന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. വൈറസിനെ നിയന്ത്രിക്കുവാന്‍ എല്ലാ ശ്രമങ്ങളും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments