തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ നീക്കവുമായി പിണറായി സർക്കാർ. തെരഞ്ഞെടുപ്പ് സംഘര്‍ഷമൊഴിവാക്കാന്‍ ഒരോ പ്രദേശത്തെയും കുപ്രസിദ്ധ ക്രിമിനലുകളെ കലക്ടര്‍മാര്‍ നാടുകടത്തുന്നു. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ തുടര്‍ച്ചയായി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ ഗുണ്ടാ ആക്‌ട് പ്രകാരം ആറുമാസത്തേക്ക് നാടുകടത്തുന്നത്. ആറുമാസ കാലയളവിനുള്ളില്‍ ഇയാള്‍ ജില്ലയില്‍ തിരികെ പ്രവേശിച്ചാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും ജില്ല പൊലീസ് മേധാവിമാര്‍ക്ക് കലക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.
ഏഴുവര്‍ഷത്തിനിടയില്‍ കൊലപാതകമടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സംഘര്‍ഷമുണ്ടാക്കിയവരെയും രാഷ്ട്രീയ ക്രിമിനലുകള്‍ക്കെതിരെയും കരുതല്‍ തടങ്കല്‍ (സി.ആര്‍.പി.സി 107ാം വകുപ്പ് ) പ്രകാരം കേസെടുക്കണം. ഇവരെ സബ് ഡിവിഷന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന 10 ലക്ഷത്തിന് മുകളിലുള്ള ബോണ്ടില്‍ ഒപ്പുവെപ്പിക്കും. ബോണ്ട് ലംഘിച്ചാല്‍ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാനും സ്റ്റേഷന് എസ്.എച്ച്.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി. ബോണ്ടില്‍ ഒപ്പ് വെക്കാന്‍ വിസ്സമതിച്ചാലും അറസ്റ്റ് ചെയ്യാം.
എന്നാൽ സ്ഥിരംകുറ്റവാളികളെയും സാമൂഹിക വിരുദ്ധരെയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാം. ഇതിനായി ഓരോ സ്റ്റേഷന് പരിധിയിലും നിലവില്‍ കേസുകളുള്ളവരുടെ ഫോട്ടോയും വിവരങ്ങളും ഡിവൈ.എസ്.പി മുഖേന എ.സി.പിക്ക് (ക്രമസമാധാനം) നല്‍കണം. എ.സി.പിയുടെ അംഗീകാരത്തോടെ സ്റ്റേഷന് ഓഫിസര്‍ക്ക് 107ാം വകുപ്പ് ചുമത്താം. തിരുവനന്തപുരം ജില്ലയില്‍ ഇതിനകം നിരവധി പേരെ ഗുണ്ട ആക്‌ട് പ്രകാരം നാടുകടത്തിക്കഴിഞ്ഞു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ ജില്ലകളിലും തുടക്കത്തില്‍ തന്നെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ തല്ലിക്കെടുത്താന്‍ ജാഗ്രത വേണമെന്ന് ജില്ല പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments