ന്യൂഡല്‍ഹി : വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ വീരമൃത്യു വരിച്ച ബി.എസ്.എഫ് സബ് ഇന്‍സ്പെക്ടര്‍ക്ക് നാടിന്റെ യാത്രാമൊഴി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജമ്മു കാശ്മീരിലെ ബാരാമുള്ളയിലെ അതിര്‍ത്തിയില്‍ നിയന്ത്രണരേഖയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ വെടിവയ്പിലാണ് ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ രാകേഷ് ദോഭാല്‍ വീരമൃത്യുവരിച്ചത്. മൃതദേഹം ജന്മനാടായ ഉത്തരാഖണ്ഡിലെ ഋഷികേശില്‍ സംസ്‌കരിച്ചു. 39 കാരനായ രാകേഷിന്റെ മൃതദേഹം ഇന്ന് രാവിലെ 7 മണിക്കാണ് ഋഷികേശിലെത്തിച്ചത്.
ഭാര്യയും 10 വയസുള്ള മകളുമടങ്ങിയതായിരുന്നു രാകേഷിന്റെ കുടുംബം. അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ ഭാരത് മാതാ കി ജയ്, ജയ് ഹിന്ദ് എന്നിങ്ങനെ ഉറക്കെ വിളിച്ച് ആദരമര്‍പ്പിച്ച മകള്‍ ദ്വിത്യ താന്‍ ഭാവിയില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരുമെന്നും തന്റെ പിതാവിന് നല്‍കാവുന്നതില്‍ ഏറ്റവും വലിയ ആദരമാകും അതെന്നും പ്രതിജ്ഞയെടുക്കുകയും ചെയ്തു.
‘ ഞാന്‍ വളരുമ്‌ബോള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കും. രാജ്യത്തിന് വേണ്ടിയാണ് എന്റെ അച്ഛന്‍ വീരമൃത്യു വരിച്ചത്. ഞാനും അച്ഛന്റെ പാത പിന്തുടരും. എനിക്ക് കഴിയുന്നതൊക്കെ ചെയ്യും. അത് ഞാന്‍ അച്ഛന് നല്‍കാന്‍ പോകുന്ന ഏറ്റവും വലിയ ബഹുമതിയായിരിക്കും. ‘ അന്ത്യകര്‍മങ്ങള്‍ക്കിടെ ദ്വിത്യ പറഞ്ഞു.
Post Your Comments