ന്യൂഡൽഹി: ദീപാവലി ആഘോഷം തുടരുന്നതിനിടെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിൽ തുടരുന്നു. നാലുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് അന്തരീക്ഷ മലിനീകരണം രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരാഴ്ചയായി ഏറ്റവും ഉയർന്ന നിലയിലായിരുന്നു ഡൽഹിയിലെ മലിനീകരണതോത് ഉണ്ടായിരുന്നത്. ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതും മറ്റും മലിനീകരണത്തിന്റെ ആക്കം കൂട്ടി.
ഉയർന്ന മലിനീകരണതോത് ഹൃദയ-ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവരുടെ മരണത്തിന് വരെ കാരണമാകുന്നതാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ സുരക്ഷിത പരിധി കഴിഞ്ഞതിനാൽ തന്നെ ഡൽഹിയിൽ അടിയന്തരസാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് വിലയിരുത്തൽ ഉള്ളത്.
ദീപാവലിയോട് അനുബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ പടക്കങ്ങളുടെ വിൽപ്പനയും ഉപയോഗവും വിലക്കിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വൻതോതിൽ പടക്കം പൊട്ടിക്കുകയായിരുന്നു.
Post Your Comments