Latest NewsCinemaNewsKollywood

‘സൂരരൈ പോട്ര്’ ചിത്രത്തിൽ അപർണയുടെ പ്രകടനത്തെ പ്രശംസിച്ച് കുറിപ്പ്

അപർണ ബാലമുരളിയും സൂര്യയും തകർത്തഭിനയിച്ച ചിത്രമാണ് ‘സൂരരൈ പോട്ര്’. അപര്‍ണയുടെ സുന്ദരി ( ബൊമ്മി )എന്ന കഥാപാത്രത്തെ പുകഴ്ത്തിക്കൊണ്ട് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഡോക്ടറും എഴുത്തുകാരനുമായ നെൽസൺ ജോസഫ്.

കുറിപ്പ് വായിക്കാം..:

സൂരരെ പോട്ര് ഇന്നലെ രാത്രി കണ്ടു. കണ്ടപ്പോൾ തൊട്ട് എഴുതണമെന്ന് കരുതുന്ന വിഷയമാണ്.

സൂര്യയെ പണ്ട് തൊട്ടേ ഇഷ്ടമാണ്. സാധാരണ ക്ലീഷേ തമിഴ് സിനിമകൾ എടുക്കുന്ന വിഷയങ്ങൾക്ക് അപ്പുറത്ത് വ്യത്യസ്തമായ സബ്ജക്റ്റുകൾ പിടിക്കാൻ ശ്രമിക്കുന്നതുകൊണ്ടുകൂടിയാവും ഒരുപക്ഷേ.
ഇത് പക്ഷേ സൂര്യയെക്കുറിച്ചോ സിനിമയെക്കുറിച്ചോ ഉള്ള കുറിപ്പല്ല. അപർണ ബാലമുരളി സിനിമയിൽ ചെയ്ത ബൊമ്മി എന്ന കഥാപാത്രത്തെക്കുറിച്ചാണ്.

അപർണയുടെ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്നാണ് എന്നത് മാത്രമല്ല ആ കഥാപാത്രത്തിൻ്റെ മെച്ചം.

നിലനിന്ന് പോരുന്ന പല പൊതു വാർപ്പുമാതൃകകളെയും ചിന്തകളെയും പൊളിച്ചടുക്കാൻ ശ്രമിക്കുന്ന രീതിയിൽ വരച്ചെടുത്തതാണ് അപർണയുടെ ബൊമ്മി. പെണ്ണ് കാണാൻ പോവുന്നതിനു പകരം ആണ് കാണാൻ പോവുന്ന, അവിടെച്ചെന്ന് സ്വന്തം മനസിലുള്ളത് തുറന്ന് പറയാൻ മടികാണിക്കാത്ത പെണ്ണ്. പഴമയുടെ ബോധക്കേട് പൊതുസദസിൽ വച്ച് കെട്ടിയെഴുന്നള്ളിക്കാൻ മടിയില്ലാത്ത വല്യപ്പന് ഓൺ ദി സ്പോട്ട് പണി കൊടുക്കുന്ന പെണ്ണ്.

മിണ്ടാതിരി പെണ്ണേ, ഇതൊക്കെ പറയാനല്ലേ ആണുങ്ങൾ വന്നത് എന്ന് കല്യാണാലോചനയ്ക്കിടെ പറയുന്നത് വകവയ്ക്കാതെ മനസിലുള്ളത് തുറന്ന് സംസാരിക്കുന്ന, സ്വന്തം കാലിൽ നിന്നിട്ട് മതി, സ്വന്തം സംരംഭം ശരിയായിട്ട് മതി വിവാഹമെന്ന് പറയാൻ നട്ടെല്ലുള്ള പെണ്ണ്. ഒരിടത്ത് സൂര്യയുടെ കഥാപാത്രം സ്വന്തം ഭാര്യയോട് സഹായം ചോദിക്കാൻ ദുരഭിമാനം കാട്ടുന്ന അവസരമുണ്ട്. അപ്പൊ എന്തിനാണ് ഇത്ര ദുരഭിമാനം എന്നും വലിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതല്ലേ, വല്ലപ്പൊഴും അതുപോലെ പ്രവർത്തിക്കൂ എന്ന് പറയുന്ന പെണ്ണ്.

ഭാര്യയോട് സഹായം ചോദിക്കാൻ എന്തിനാണിത്ര വിഷമിക്കുന്നത് എന്നു ചോദിക്കുന്ന സീനിൽ ഒരു നിമിഷം ഇവിടെ പെൺകോന്തന്മാരെന്നും പാവാടയെന്നും കമൻ്റിടുന്ന അറിവില്ലാ പൈതങ്ങളെക്കുറിച്ചൊന്ന് ആലോചിച്ചുപോയി. ഉർവശിയും സൂര്യയും അഭിനയിച്ചവരെല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ച സൂരരൈ പോട്രിൽ നായകൻ വിജയിക്കുമ്പോൾ ഒരു വശത്തേക്ക് മാറ്റിനിർത്തപ്പെടുന്ന നായികമാരിൽ നിന്നും, പടം കണ്ടിറങ്ങുമ്പോൾ മറവിയിലേക്ക് മായുന്ന പെണ്ണിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ് ബൊമ്മി. വ്യക്തിത്വമുള്ള ഒരു പെണ്ണ്, നെൽസൺ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button