Latest NewsKeralaIndia

അഭിഭാഷക വൃത്തി ഉപേക്ഷിച്ചിട്ടില്ല; കാലാവധി പൂര്‍ത്തിയാക്കിയാല്‍ തിരിച്ചു വരുമെന്ന് ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള

മിസോറാമിലെ ജീവിതത്തെക്കുറിച്ചും ഒരു തിരിച്ചു വരവിനെ കുറിച്ചും സൂചന നൽകി മിസോറാം ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള. ജന്മഭുമിക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീധരൻപിള്ളയുടെ അഭിപ്രായം. ഗവര്‍ണര്‍ ആകുമ്പോള്‍ അഭിഭാഷക വൃത്തി ഉപേക്ഷിക്കുകയാണ് പതിവ്. അഭിഭാഷക വൃത്തിയോടുള്ള എന്റെ താല്‍പര്യം കാരണം ഞാന്‍ അത് ഉപേക്ഷിച്ചിട്ടില്ല. പകരം മരവിപ്പിക്കുകയായിരുന്നു.കാലാവധി പൂര്‍ത്തിയാക്കിയാല്‍ അഭിഭാഷകവൃത്തിയില്‍ തിരിച്ചു വരാം.

ഫെയ്‌സ്ബുക്കില്‍ കറുത്ത കോട്ട് എന്നെ മാടി വിളിക്കുന്നു, ഗൃഹാതുരത്വം എന്നീ വാക്കുകള്‍ എഴുതിയത് കൊണ്ടാവാം ഞാന്‍ തിരിച്ചുവരികയാണെന്ന് ചിലര്‍ വ്യാഖ്യാനിച്ചത്. പാലക്കാട് ജില്ലയില്‍ ഉണ്ടായ ഒരു കൊലപാതക കേസ്സില്‍ ഹൈക്കോടതി വിധിയുണ്ടായ ദിവസമാണ് ഞാന്‍ ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടത്. വിചാരണ കോടതിയില്‍ വളരെ നന്നായി ആ കേസ് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ വിധി എതിരായിരുന്നു. അപ്പീല്‍ കോടതിയില്‍ വാദിച്ച അഭിഭാഷകര്‍ വിചാരണകോടതിയിലെ കേസ് വിസ്താരത്തെക്കുറിച്ച്‌ നല്ല വാക്കുകള്‍ പറഞ്ഞു.

എന്നാലും ഹൈക്കോടതിയില്‍ ശിക്ഷിക്കുമെന്നായിരുന്നു അവരും കരുതിയിരുന്നത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് വാദിച്ച മുതിര്‍ന്ന അഭിഭാഷകരായ നിക്കോളാസ്, എസ്.യു.നാസര്‍ എന്നിവര്‍ എന്റെ മകന്‍ അര്‍ജ്ജുനെ വിളിച്ച്‌ വിചാരണ കോടതിയിലെ വിസ്താരത്തെക്കുറിച്ച്‌ നല്ലവാക്ക് പറഞ്ഞിരുന്നു. ആ കേസില്‍ പ്രതികള്‍ക്ക് അനുകൂലമായാണ് ഹൈക്കോടതി വിധി ഉണ്ടായത്. ഇതിനെതുടര്‍ന്നാണ് ഞാന്‍ ആ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നത്.

ഗവര്‍ണ്ണറും സംസ്ഥാനഭരണവും തമ്മില്‍ ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടനയനുസരിച്ച്‌ മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടത്. ചില മേഖലകളില്‍ ഗവര്‍ണ്ണര്‍ക്ക് അധികാരവും നിയന്ത്രണങ്ങളും ഉപയോഗിക്കാം. മിസോറാമില്‍ സംസ്ഥാന ഭരണവുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ല. ചില പ്രധാന തീരുമാനങ്ങള്‍ ഞാന്‍ ഒപ്പിടാതെ തിരിച്ചയച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടായിട്ടില്ല.സ്വയംഭരണ ജില്ലയായ ലെയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നിരുന്നു.

സംസ്ഥാന ഗവണ്‍മെന്റ് ഭരണസമിതി പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ അവരെ പിരിച്ചുവിടുന്ന നിലപാടിനോട് യോജിക്കാനാവില്ല. ആ ശുപാര്‍ശ തിരിച്ചയക്കുകയായിരുന്നു. ഭൂരിപക്ഷം തെളിയിക്കട്ടെ എന്നായിരുന്നു എന്റെ നിലപാട്. ഭരണഘടനാ ബാധ്യത നിറവേറ്റുന്നതില്‍ ഞാന്‍ ഉറച്ച്‌ നില്‍ക്കും. ക്യാബിനറ്റിന്റെ തീരുമാനവും മാനിക്കണം. രണ്ടിനെയും ഒന്നിച്ചു കൊണ്ടുപോകുന്നത് ഒരു കലയാണ്. ഏറ്റുമുട്ടല്‍ എനിക്കിഷ്ടമല്ല.

ഭരണഘടനയുടെ ആറാം ഷെഡ്യൂളനുസരിച്ച്‌ മിസോറാമില്‍ മൂന്ന് സ്വയംഭരണ പ്രദേശങ്ങളുടെ ഭരണം ഗവര്‍ണറുടെ കീഴിലാണ്. സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന മൂന്ന് ജില്ലകളാണ് അത്. 88 ശതമാനം ക്രിസ്ത്യാനികളും 9 ശതമാനം ബുദ്ധമതക്കാരും 2 ശതമാനം ഹിന്ദുക്കളും ഒരു ശതമാനം മുസ്ലീങ്ങളുമാണ് മിസോറാമിലുള്ളത്. മിസോജനതയുടെ വിശ്വാസം ആര്‍ജ്ജിക്കണമെന്നും സമന്വയത്തിന്റെ പാതയാണ് സ്വീകരിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എന്നോട് നിര്‍ദ്ദേശിച്ചിരുന്നു.

തെറ്റിദ്ധാരണ പ്രചരിപ്പിച്ചത് കൊണ്ടായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്ന എതിര്‍പ്പ്.കഴിഞ്ഞ ഡിസംബര്‍ 24ന് സഭയുടെ കീഴിലല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു അനാഥ മന്ദിരം സന്ദര്‍ശിക്കാനിടയായി. ഒരു കന്യാസ്ത്രീയുടെ നേതൃത്വത്തിലായിരുന്നു അതിന്റെ നടത്തിപ്പ്. അവിടെ കുട്ടികള്‍ മിസോ സ്വാഗത ഗാനത്തിലൂടെ എനിക്കും എന്റെ കുടുംബത്തിനും നന്മയും ദീര്‍ഘായുസും നേര്‍ന്നു. അവിടെയെത്തിയപ്പോഴാണ് കുട്ടികള്‍ എല്ലാവരും എച്ച്‌ഐവി ബാധിതരാണെന്ന വിവരം അറിഞ്ഞത്. രണ്ട് വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള 21 കുട്ടികളാണ് അവിടെയുള്ളത്.

തങ്ങളുടെ ആയുസ് എപ്പോഴും അവസാനിച്ചു പോകുന്ന വ്യാധിയുടെ പിടിയിലമര്‍ന്ന കുട്ടികള്‍ എനിക്കും കുടുംബത്തിനും ദീര്‍ഘായുസ് നേര്‍ന്നത് എന്റെ ഹൃദയത്തെ പിടിച്ചുലക്കുന്നതായിരുന്നു.പ്രതിപക്ഷ നേതാവായ കോണ്‍ഗ്രസ് നേതാവ് ലാല്‍ ഹോള പറഞ്ഞത് തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗവര്‍ണറാണ് മിസോറാമിലുള്ളത് എന്നായിരുന്നു. ലാല്‍ ഹോള നല്ല കൃഷിക്കാരന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ കുളത്തില്‍ നിന്ന് നല്ല മീന്‍ കിട്ടിയാല്‍ അത് ഗവര്‍ണര്‍ക്കായി സ്‌നേഹപൂര്‍വ്വം കൊടുത്തയക്കുന്നു.

കോവിഡ് കാലത്ത് മിസോറാമില്‍ പച്ചക്കറി ക്ഷാമം നേരിട്ടപ്പോള്‍ സ്വന്തം കൃഷിയിടത്തില്‍ നിന്ന് ലാല്‍ഹോള രാജ്ഭവനിലേക്ക് പച്ചക്കറി കൊടുത്തയച്ചു. ഈ അടുപ്പം ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും പ്രധാന അടിക്കല്ല് എതിര്‍ക്കുന്നവനെ മാനിക്കലാണ്. വിമര്‍ശിക്കുന്നവനെ അംഗീകരിക്കലാണ്. മിസോ ജനത ഇന്ന് എന്നെ ഏറെ സ്‌നേഹിക്കുന്നു. കേരളത്തില്‍ നിന്ന് പൊതു പ്രവര്‍ത്തനത്തില്‍ നിന്ന് കിട്ടിയ അനുഭവം ഏറെ സഹായകരമായി. ഇങ്ങനെ നിരവധി കാര്യങ്ങളാണ് ശ്രീധരൻ പിള്ള പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button