ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതം . മുന്നറിയിപ്പുമായി ഇന്ത്യ. ചെറിയൊരിടവേളയ്ക്കുശേഷം പാക്കിസ്ഥാന്‍ അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതമാകുന്നു. വെള്ളിയാഴ്ച പാക് സൈന്യം നടത്തിയ വെടിവയ്പില്‍ അഞ്ചു ജവാന്മാരും ആറു ഗ്രാമവാസികളും കൊല്ലപ്പെട്ടത്തിനു പിന്നാലെ പാക് ഹൈമ്മീഷന്‍ ആക്ടിംഗ് ഹെഡ് അഫ്താബ് ഹസന്‍ ഖാനെ വിളിച്ചുവരുത്തി ഇന്ത്യ ഇന്നലെ അതൃപ്തി അറിയിച്ചു.
Read Also : കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ പൊലീസ് കേസ് എടുത്തു
രാജസ്ഥാനില്‍ സൈനികര്‍ക്കൊപ്പം ഇന്നലെ ദീപാവലി ആഘോഷത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് ആക്രമണത്തെ ശക്തമായി അപലപിച്ചു രംഗത്തെത്തി. നിഷ്‌കളങ്കരായ ഗ്രാമവാസികളെ ഉന്നംവച്ചുള്ള ആക്രമണമെന്നു വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. വെള്ളിയാഴ്ച പാക് ബങ്കറുകള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ എട്ടു സൈനികരെ വധിച്ചു. 12 പേര്‍ക്കു പരിക്കേറ്റു. കൂടാതെ, പാക്കിസ്ഥാന്റെ അതിര്‍ത്തിയിലെ ആയുധപ്പുരകളും ഇന്ധനസംഭരണികളും ഇന്ത്യ തകര്‍ത്തിരുന്നു.
ഇന്നലെ പാക് സൈനിക ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയാണെന്നും തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ആരോപിച്ചു.
അതേസമയം, അതിര്‍ത്തിയില്‍ ഇന്ത്യന്‍ ശക്തിയെ ആരെങ്കിലും പരീക്ഷിക്കാന്‍ ശ്രമിച്ചാല്‍ തക്ക മറുപടി നല്‍കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ ലോംഗേവാല പോസ്റ്റില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു സംസാരിക്കുകയായിരുന്നു മോദി.
മറ്റുള്ളവരെ മനസിലാക്കുകയും അവരെ മനസിലാക്കിക്കുകയും ചെയ്യുക എന്നാണ് ഇന്ത്യയുടെ നയം. എന്നാല്‍, അതിര്‍ത്തിയില്‍ ആരെങ്കിലും പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നാല്‍ തക്ക മറുപടി നല്‍കിയിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍നിന്ന് ലോകത്തെ ഒരു ശക്തിക്കും ഇന്ത്യന്‍ സൈനികരെ തടയാനാവില്ല.
രാജ്യതാത്പര്യം സംരക്ഷിക്കുന്നതില്‍ തരിന്പു പോലും ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ലോകത്തിന് ഇപ്പോള്‍ അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈനികരുടെ അടുത്തേക്കു പോവാതെ തന്റെ ദീപാവലി ആഘോഷം പൂര്‍ണമാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments