മെട്രോ ട്രാക്കിലൂടെ യുവതി മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ പുറത്തിറങ്ങിയതോടെ റോഡില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതെല്ലാം പഴഞ്ചനായി പുത്തന്‍ രീതി മെട്രോ ട്രാക്കാണെന്ന തമാശകളും എത്തിയിട്ടുണ്ട്. സ്പെയിനിലെ മാലാഗയില്‍ നവംബര്‍ 7 ന് നടന്ന സംഭവത്തില്‍ 25 കാരിയാണ് മദ്യപിച്ച് മെട്രോ ട്രാക്കിലൂടെ വാഹനമോടിച്ചത്.
യുവതിയെ പരിശോധിച്ചപ്പോള്‍ നിയമപരമായ മദ്യപരിധിയെക്കാള്‍ മൂന്നിരട്ടിയാണ് റിപ്പോര്‍ട്ട് ചെയ്തത്. യുവതിയുടെ ശരീരത്തില്‍ ഒരു ലിറ്റര്‍ വായുവിന് 0.85 മില്ലിഗ്രാം മദ്യം ഉണ്ടെന്ന് യുവതിയുടെ ബ്രീത്ത്ലൈസര്‍ പരിശോധനയില്‍ പറയുന്നതായി യൂറോ വീക്ക്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഒന്നില്‍ രണ്ട് മെട്രോ സെക്യൂരിറ്റി ഗാര്‍ഡുകള്‍ യുവതിയോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് കാണാം. തുടര്‍ന്ന് കുറച്ചു ദൂരം കൂടി നീങ്ങിയ യുവതി വാഹനം നിര്‍ത്തി. പിന്നീട് ട്രാക്കില്‍ നിന്ന് കാര്‍ നീക്കംചെയ്യാന്‍ പോലീസിനെ അവര്‍ വിളിച്ചറിയിക്കുകയായിരുന്നു.
‘ട്രാക്കുകളില്‍ ചെറിയ കേടുപാടുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്ന് മലഗാ മെട്രോ റിപ്പോര്‍ട്ട് ചെയ്തു, എന്നാല്‍ യുവതിയുടെ മദ്യം തലയ്ക്കു പിടിച്ച പ്രവര്‍ത്തിയില്‍ രണ്ട് മണിക്കൂറാണ് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഇതിന്റെ നഷ്ടപരിഹാരവും യുവതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നതിന് റോഡ് സുരക്ഷയ്ക്കെതിരായ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Post Your Comments