ലഖ്നൗ: രാവിലെ എഴുന്നേറ്റപ്പോൾ വീടിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ രണ്ട് ബാഗുകള്‍. ഇത് തുറന്നു നോക്കിയ ഗൃഹനാഥന് നിറയെ നോട്ടുകെട്ടുകള്‍ കണ്ട് അമ്പരന്നു.
ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപമുള്ള ഒരു വ്യാപാരിയുടെ വീട്ടിലാണ് സംഭവം. നിറയെ പണമുള്ള രണ്ട് ബാഗുകള്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് തനിക്ക് കിട്ടിയതെന്ന് ഗൃഹനാഥന് പറഞ്ഞു. മോഷ്ടിച്ച മുതലാണെന്ന് മനസിലായതിനാല്‍ അപ്പോള്‍ തന്നെ പൊലീസിനെ വിളിച്ചു വരുത്തി. കള്ളന് രക്ഷപ്പെടുന്നതിനിടെ ഇവിടെ കൊണ്ടുവച്ചതായിരിക്കാം ബാഗ്. പിന്നീട് വന്ന് എടുക്കാമെന്ന് കരുതിയാവും ഇവിടെ വച്ച് പോയതെന്നും ഗൃഹനാഥന് പറഞ്ഞു.
കഴിഞ്ഞ ദിവസം മീററ്റിലെ മിഷന് കോംപൗണ്ടിലും ഒരു വ്യാപാരിയുടെ വീട്ടിലും മോഷണം നടന്നതിൽ 40 ലക്ഷം രൂപയോളം മോഷണം പോയതായി പരാതിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പണം ലഭിച്ചത്. അതോടെ ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കള്ളന് കപ്പലില്‍ തന്നെയാണെന്ന് കണ്ടെത്തി.
വ്യാപാരിയുടെ വീട്ടിലെ ജോലിക്കാരനായ രാജു നേപാളി എന്നയാളാണ് പണം മോഷ്ടിച്ച് ബാഗ് മേല്‍ക്കൂരയില്‍ ഒളിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. ഇയാളെ സഹായിച്ച ഒരു സെക്യൂരിറ്റി ജീവനക്കാരനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Post Your Comments