ഡല്‍ഹി: ഓഗസ്റ്റ് നാലിന് അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദില്‍ ജയില്‍ ആക്രമിച്ച പതിനൊന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ മൂന്ന് പേരും മലയാളികളാണെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
29 പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ മലയാളിയായ കാസര്‍കോട് പടന്ന സ്വദേശി കല്ലുകെട്ടിയ പുരയില്‍ ഇജാസ് ഉള്‍പ്പെട്ടിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇജാസിന്റെ സുഹൃത്തായ ബെക്സണ്‍ എന്നയാളാണ് അഫ്ഗാനില്‍ എത്തിയ രണ്ടാമത്തെ മലയാളിയെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമന് കണ്ണൂര്‍ സ്വദേശിയായ സജാദാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാസര്‍കോട് സ്വദേശിയായ ഇജാസ് 2016ലാണ് ഐസിസില്‍ ചേരാനായി കുടുംബത്തിനൊപ്പം പുറപ്പെട്ടത്.
മസ്ക്കറ്റ് വഴി അഫ്ഗാനിസ്ഥാനിലെ ഖൊറാസാന്‍ പ്രവിശ്യയിലേക്കാണ് ഇയാള്‍ എത്തിയത്. രണ്ടാമത്തെ മലയാളി ബെക്സണും കുടുംബത്തിലെ അംഗങ്ങളെയും കൂട്ടിയാണ് ഐസിസില്‍ ചേരാന്‍ പോയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2018ലാണ് മൂന്നാമന് സജാദ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ഐസിസില്‍ ചേര്‍ന്നത്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ഇയാള്‍ രാജ്യം വിട്ടത്. മൈസൂരുവിലേക്ക് എന്ന് പറഞ്ഞ് നാട്ടില്‍ നിന്നും പോയ ഇയാള്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു.ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നും സജാദിനെ നാട്ടിലുള്ളവര്‍ തിരിച്ചറിഞ്ഞുവെന്നും ദി പ്രിന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ രാജ്യം വിടുന്നവരെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി വിവര ശേഖരണം നടത്തുന്നുണ്ട്. അഫ്ഗാനിസ്ഥാന് സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവിലാണ് എന്‍ ഐ എക്ക് കൂടുതല്‍ മലയാളികളുടെ വിവരം ലഭിച്ചത്.
ഇസ്ലാമിക് സ്റ്റേറ്റ്, താലിബാന് ഭീകരരെ പാര്‍പ്പിച്ചിരുന്ന അഫ്ഗാന് ജയിലിന് മുന്നില്‍ കാര്‍ ബോംബ് സ്ഫോടനം നടത്തിയശേഷം ഐസിസ് ഭീകരര്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഇരുപത് മണിക്കൂറോളം നീണ്ടുനിന്ന ആക്രമണത്തിനൊടുവില്‍ സൈന്യം ഭീകരരെ തുരത്തിയിരുന്നു. എട്ടോളം ഭീകരരെ വധിച്ച സൈന്യം ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ആയിരത്തിലധികം തടവുകാരെയും പിടികൂടിയിരുന്നു.
Post Your Comments