Latest NewsKeralaNews

അഴിമതിയിൽ മുങ്ങി മുന്നണികൾ; എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നത് പരസ്പര ധാരണയില്‍: കെ സുരേന്ദ്രൻ

മഞ്ചേശ്വരം എംഎല്‍എ നൂറ് കണക്കിന് കോടി രൂപയുടെ തട്ടിപ്പിലാണ് പ്രതിയായിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ മത്സരിക്കുന്നത് പരസ്പര ധാരണയിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇരു മുന്നണികളും അഴിമതി സാര്‍വത്രികമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫും യുഡിഎഫും ധാരണ ഉണ്ടാക്കിയിരിക്കുന്നത്. ജനങ്ങള്‍ ഇത് മനസ്സിലാക്കി തള്ളിക്കളയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീനും മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കുമെതിരായ കേസുകള്‍ യുഡിഎഫിനെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. യുഡിഎഫിലെ നേതാക്കള്‍ ഇനിയും അഴിമതി കേസുകളില്‍ പ്രതി ആയേക്കുമോയെന്ന ആശങ്കയാണ് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലെത്താന്‍ അവരെ പ്രേരിപ്പിച്ചിരിക്കുന്നത്. മഞ്ചേശ്വരം എംഎല്‍എ നൂറ് കണക്കിന് കോടി രൂപയുടെ തട്ടിപ്പിലാണ് പ്രതിയായിരിക്കുന്നത്. കെ.എം. ഷാജി വലിയ തോതിലുള്ള കള്ളക്കടത്തിന്റെയും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Read Also: വേലി തന്നെ വിളവ് തിന്നുന്നു; മദ്യത്തിന് പിന്നാലെ രഹസ്യ ഫയലുകളും ചോര്‍ന്നു

അഴിമതിക്കാരായവര്‍ ഇപ്പോള്‍ ഒന്നിക്കുന്നു എന്നതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്ന വസ്തുത. എല്‍ഡിഎഫ് -യുഡിഎഫ് ബന്ധത്തിന്റെ പരീക്ഷണ ശാലയാകും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. പി.കെ കുഞ്ഞാലികുട്ടി മുന്‍കൈ എടുത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും എല്‍ഡിഎഫ്- യുഡിഎഫ് നേതൃത്വം നീക്കുപോക്കിന് തയ്യാറായിട്ടുണ്ട്. രമേശ് ചെന്നിത്തലയെയും കുഞ്ഞാലികുട്ടിയെയും ഉമ്മന്‍ ചാണ്ടിയെയും ബ്ലാക്ക് മെയില്‍ ചെയ്ത് കൂടെ നിര്‍ത്തിയിരിക്കുകയാണ് പിണറായി വിജയന്‍. പല കേസുകളും ഒത്ത് തീര്‍പ്പിലെത്തിക്കാന്‍ പിണറായി വിജയന്‍ സമ്മതം മൂളിയിട്ടുണ്ട്.

അതേസമയം പാലാരിവട്ടം കേസ് അന്വേഷണം പുരോഗമിച്ചാല്‍ കുഞ്ഞാലിക്കുട്ടി പ്രതിയാകും. കാരണം ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താവ് കുഞ്ഞാലിക്കുട്ടിയാണ്. രമേശ് ചെന്നിത്തലയ്ക്ക് എതിരായ നിരവധി അഴിമതികള്‍ കേസുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ട്. രഹസ്യധാരണ ഉള്ളതുകൊണ്ടാണ് ഇവയിലൊന്നും അന്വേഷണം നടക്കാത്തതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button