കൊച്ചി: കുരുക്കുകൾ അഴിയുന്നു. യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനുള്ള കൈക്കൂലിയായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എന്നാൽ ശിവശങ്കറിനെ ഒരു ദിവസം കൂടി കസ്റ്റഡിയില്‍ വിടണമെന്നാവശ്യപ്പെട്ടുള്ള സത്യവാങ്മൂലത്തിലും ജാമ്യാപേക്ഷയെ എതിര്‍ത്ത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരമുള്ള പ്രത്യേക കോടതി ) മുമ്പാകെ നല്കിയ റിപ്പോര്‍ട്ടിലുമാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: തടവുകാർക്ക് ഇനി തിരിച്ചറിയല്‍ കാര്‍ഡ്; നടപടിയുമായി ജയില്‍ വകുപ്പ്
അതേസമയം ഇതുവരെ ശേഖരിച്ച വിവരങ്ങളില്‍നിന്ന് കുറ്റകൃത്യത്തിന്റെ മുഖ്യസൂത്രധാരന്‍ ശിവശങ്കറാണെന്ന് വ്യക്തമായതായും ഇ.ഡി ചൂണ്ടിക്കാട്ടി. കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം തലവന്‍ ഖാലിദ് വഴി യൂനിടാക് ബില്‍ഡേഴ്സ് സ്വപ്നക്ക് നല്കിയ ഈ തുക ശിവശങ്കറിനുള്ള കമീഷനായിരുന്നുവെന്നാണ് ഇ.ഡി കോടതിയില്‍ ബോധിപ്പിച്ചത്. യൂനിടാക് ബില്‍ഡേഴ്സിന്റെ സന്തോഷ് ഈപ്പനുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളായ ലൈഫ് മിഷന്, കെ ഫോണ്‍ എന്നിവയില്‍ യൂനിടാകിനെ പങ്കാളിയാക്കാന്‍ ശിവശങ്കര്‍ താല്പര്യപ്പെട്ടിരുന്നു. കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ രഹസ്യ വിവരങ്ങള്‍ സ്വപ്നക്ക് ശിവശങ്കര്‍ കൈമാറിയിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. കൈക്കൂലി ലക്ഷ്യംവെച്ചാണ് ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ടതടക്കമുള്ള നിര്‍ണായക രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയത്.
ലൈഫ് മിഷനിലെ 36 പ്രോജക്ടുകളില്‍ 26 എണ്ണവും നല്‍കിയത് രണ്ട് കമ്ബനിക്കാണെന്നും ടെന്‍ഡര്‍ വിവരങ്ങള്‍ മുന്‍കൂട്ടി അറിയിച്ചതിനെത്തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇ.ഡി ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥന് എന്ന നിലയില്‍ ശിവശങ്കറുടെ ഇടപെടലില്ലാതെ യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി 20 തവണയോളം സ്വര്‍ണം കടത്തിക്കൊണ്ടുവരാന്‍ പ്രതികള്‍ക്ക് കഴിയില്ലെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. സ്വപ്നക്കും ഖാലിദിനും പണം നല്‍കിയതായി ശിവശങ്കറിന് അറിയാമായിരുന്നു. ശിവശങ്കറുമായി ഏറെ അടുപ്പമുള്ള ഏതാനും പേരുടെ വിവരങ്ങള്‍ സ്വപ്ന സുരേഷ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായും ഇ.ഡി പറഞ്ഞു. ഇതില്‍ ഒരാള്‍ ഡൗണ്‍ ടൗണ്‍ പ്രോജക്ടുമായി ബന്ധപ്പെട്ട ആളാണെന്നും ഇ.ഡി ബോധിപ്പിച്ചു.
ശിവശങ്കറിനെ ഒരു ദിവസം കൂടി കസ്റ്റഡി അനുവദിച്ച കോടതി ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. സ്വപ്ന നടത്തിയ കുറ്റകൃത്യങ്ങളില്‍ ശിവശങ്കറിന്റെ സഹായമുണ്ട്. പണമിടപാട് സംബന്ധിച്ച് ശിവശങ്കറിന് മുഴുവന്‍ വിവരങ്ങളും അറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും മൊഴികളില്‍നിന്ന് വ്യക്തമാകുന്നുണ്ടെന്നും ഇ.ഡി പറഞ്ഞു.
Post Your Comments