നീലേശ്വരം: നീലേശ്വരം രാജാ റോഡ് മേൽപാലത്തിന് താഴെയുള്ള കെ.എം.കെ ജ്വല്ലറിയിൽ നടന്ന മോഷണ ശ്രമത്തിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരിക്കുന്നു. പ്രതികളെന്ന് കരുതുന്ന രണ്ടു പേർ ജ്വല്ലറിയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത് .
പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളങ്ങളും പൊലീസിന് ലഭിച്ചിരിക്കുകയാണ്. ആഴ്ചകളോളം കെട്ടിടവും ജ്വല്ലറിയും സമീപ പ്രദേശങ്ങളും നിരീക്ഷിച്ചതിന് ശേഷമാണ് മോഷണത്തിനെത്തിയതെന്ന് പൊലീസ് സംശയിക്കുകയാണ്. ഹൈവേ ജങ്ഷനിലെ ഓട്ടോ ഗാരേജ് കടയിൽനിന്ന് ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചാണ് കവർച്ചക്കെത്തിയിരിക്കുന്നത്. ഒരാൾ സിലിണ്ടർ ചുമലിൽ താങ്ങി വരുന്നതും രണ്ടാമത്തെയാൾ ചുമർ തുരക്കാനുള്ള കട്ടറും ചുമന്ന് വരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. മുഖം മുഴുവനും മൂടിയതിനാൽ തിരിച്ചറിയാനുള്ള ആധുനിക രീതിയും പൊലീസ് ഉപയോഗിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30 നാണ് മുഖം മൂടി ധരിച്ച രണ്ടുപേര്‍ ജ്വല്ലറിയിൽ മോഷണത്തിനെത്തിയത്. ആദ്യം ജ്വല്ലറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ പ്രവർത്തിക്കുന്ന പെൻഷനേഴ്സ് യൂനിയൻ നീലേശ്വരം ബ്ലോക്ക് ഓഫിസിെൻറ പൂട്ടുപൊളിച്ച് അകത്തു കയറുകയുണ്ടായി. പിന്നീട് ചുമര് തുരന്ന് ജ്വല്ലറിക്കകത്തേക്ക് ഇറങ്ങാനായിരുന്നു ശ്രമം നടന്നത്.
രാത്രി 11.30 മുതൽ പുലര്‍ച്ചെ 3.52 വരെ പരിശ്രമിച്ചിട്ടും കവർച്ച വിജയിക്കാത്തതിനാൽ ഇവര്‍ മടങ്ങിപ്പോകുകയായിരുന്നു ഉണ്ടായത്. തട്ടാച്ചേരിയിലെ കെ.എം. ബാബുരാജാണ് ജ്വല്ലറി ഉടമ. ഇന്‍സ്പെകടര്‍ പി. സുനില്‍കുമാർ എസ്.ഐ. കെ.പി. സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
Post Your Comments