ദില്ലി: കേന്ദ്രഭരണ പ്രദേശമായ ലേയെ ജമ്മു കശ്മീരിന്റെ ഭാഗമായി ചിത്രീകരിച്ച സംഭവത്തില്‍ ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. അഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ട്വിറ്ററിന് നല്കിയ നോട്ടീസില്‍ വ്യക്തമാക്കി.
നേരത്തെ ലൊക്കേഷന്‍ സെറ്റിംഗ്സില് ലേ ചൈനയുടെ ഭാഗമാണെന്ന രീതിയില്‍ ട്വിറ്റര്‍ കാണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐടി സെക്രട്ടറി അജയ് സാവ്നി ട്വിറ്ററിന് കത്തയക്കുകയും ഇതിനെത്തുടര്‍ന്ന് ട്വിറ്റര്‍ പിഴവ് തിരുത്തുകയും ചെയ്തു. എന്നാല്‍ ലേയെ ലഡാക്കിന്റെ ഭാഗമായി കാണിക്കേണ്ട മാപ്പ് ഇതുവരെയും തിരുത്തിയില്ല.
ലേയെ ജമ്മു കശ്മീരിന്റെ ഭാഗമായി ചിത്രീകരിക്കുന്നത് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്താനുള്ള ട്വിറ്ററിന്റെ മനപൂര്‍വമായ ശ്രമമാണെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിക്ക് അയച്ച നോട്ടീസില്‍ ഐടി മന്ത്രാലയം കുറ്റപ്പെടുത്തി.
നിയന്ത്രണ രേഖയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ നടക്കുന്ന സമയത്താണ് ലേയെ ചൈനയുടെ ഭാഗമാക്കി ചിത്രീകരിച്ചതടക്കമുള്ള പിഴവ് സംഭവിച്ചത്.
Post Your Comments