കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്. ബാലഭാസ്‌കറിന്റേതും മകളുടേതും അപകട മരണമെന്ന നിഗമനത്തിലേക്ക് സിബിഐ. നുണപരിശോധനാ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് ഈ നിഗമനത്തില്‍ എത്തുന്നത്. ബാലഭാസ്‌കറിനെ കൊല്ലുന്നത് നേരിട്ടു കണ്ടെന്ന കലാഭവന്‍ സോബിയുടെ മൊഴി കള്ളമാണെന്ന് തെളിഞ്ഞെന്നാണ് സൂചന. എന്നാല്‍ വാഹനം ഓടിച്ചിരുന്ന ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയും കള്ളമായിരുന്നു. ഇതിന് അപ്പുറത്തേക്ക് ദുരൂഹതയൊന്നും കണ്ടെത്തിയില്ല. ഈ സാഹചര്യത്തില്‍ അര്‍ജുനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. അതിന് ശേഷം ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്തിമ നിലപാടിലേക്ക് സിബിഐ എത്തും.
എന്നാൽ കലാഭവന്‍ സോബി പല ഘട്ടത്തിലും നുണ പരിശോധനയുമായി സഹകരിച്ചില്ല. പറഞ്ഞതൊന്നും ശരിയാണെന്ന് തെളിയിക്കാനും കഴിഞ്ഞില്ല. സംശയിക്കുന്നവരുടെ നുണ പരിശോധനയിലും അസ്വാഭാവികമായതൊന്നും കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് അപകടമരണമെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തുന്നത്. അപ്പോഴും വണ്ടി ഓടിച്ചത് ബാലഭാസ്‌കറാണെന്ന കള്ളം ഡ്രൈവര്‍ എന്തിന് പറഞ്ഞുവെന്ന സംശയം ബാക്കിയാണ്. ഈ സാഹചര്യത്തിലാണ് അര്‍ജുന്റെ മൊഴിയിലെ വൈരുദ്ധ്യം പരിശോധിക്കുന്നത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത നിറയാന്‍ ഏക കാരണം ഡ്രൈവറുടെ കള്ളം പറച്ചിലെന്ന നിഗമനത്തിലാണ് സിബിഐ ഇപ്പോള്‍.
അതേസമയം സ്റ്റീഫന്‍ ദേവസ്യയ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയാണ് സിബിഐ. അപകടം നടക്കുമ്ബോള്‍ സ്റ്റീഫന്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന അഭ്യൂഹം കളവാണ്. അന്ന് സ്റ്റീഫന്‍ വിദേശത്തായിരുന്നു. സ്വര്‍ണ്ണ കടത്തുമായി ഈ അപകടത്തെ ലിങ്ക് ചെയ്യാനുള്ള തെളിവുകളും സിബിഐയ്ക്ക് കിട്ടിയിട്ടില്ല. പ്രകാശ് തമ്പിയും മറ്റും പറയുന്നതില്‍ അസ്വാഭാവികതയും നുണ പരിശോധനയില്‍ കണ്ടെത്തിയില്ല. ബാലഭാസ്‌ക്കറും മകളും കൊല്ലപ്പെട്ട വാഹനാപകടത്തിന്റെ ദൃക്സാക്ഷി എന്നവകാശപ്പെടുന്നയാളാണ് കലാഭവന്‍ സോബി. അപകടം നടക്കും മുമ്ബ് തന്നെ ബാലഭാസ്‌കറിന്റെ വാഹനത്തോട് സാമ്യമുള്ള വാഹനത്തിനു നേരെ ഒരു സംഘം ആളുകള്‍ അക്രമം നടത്തിയെന്നും വാഹനത്തിന്റെ മുന്‍ സീറ്റില്‍ അവശ നിലയില്‍ ഒരാളെ കണ്ടിരുന്നു എന്നുമാണ് സോബിയുടെ മൊഴി. അപകടം നടന്ന സ്ഥലത്തു നിന്ന് രണ്ടു കിലോ മീറ്റര്‍ അകലെയുള്ള പെട്രോള്‍ പമ്ബിനു മുന്നിലായിരുന്നു ആക്രമണമെന്നും മൊഴിയുണ്ട്. ഈ മൊഴിയിലെ വസ്തുതാ പരിശോധനയാണ് സിബിഐ നടത്തിയത്.
ബാലഭാസ്‌കര്‍ സഞ്ചരിച്ച നീല ഇന്നോവ വന്നുനില്‍ക്കുന്നതും ഗ്ലാസ് അടിച്ചു തകര്‍ക്കുന്നതും താന്‍ മഞ്ഞ വെളിച്ചത്തില്‍ കണ്ടുവെന്ന് നേരത്തെ മരണമൊഴിയെന്ന തരത്തില്‍ സോബി റിക്കോര്‍ഡ് ചെയ്ത വീഡിയോയിലും ആരോപിച്ചിരുന്നു. സംഭവസ്ഥലത്തേക്ക് മറ്റൊരു ഇന്നോവ വന്നുനിന്നുവെന്നും അന്ന് സോബി വെളിപ്പെടുത്തിയിരുന്നു. അപകടസ്ഥലത്തുവെച്ച് താന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ കണ്ടിരുന്നു എന്ന് സോബി വെളിപ്പെടുത്തിയത് വിവാദമായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് ചര്‍ച്ചയായപ്പോള്‍ മാധ്യമങ്ങളില്‍ സരിത്തിന്റെ ഫോട്ടോ കണ്ടപ്പോഴാണ് താന്‍ സരിത്തിനെ ഓര്‍മ്മിച്ചെടുതെന്നും സോബി പറഞ്ഞിരുന്നു. ഇതെല്ലാം സിബിഐയോടും സോബി ആവര്‍ത്തിച്ചു. ഇതൊന്നും നുണ പരിശോധനയില്‍ തെളിഞ്ഞില്ല.
Read Also: ഈ അധ്യയന വര്‍ഷം സ്‌കൂളുകള്‍ ചെലവു മാത്രമേ ഫീസായി ഈടാക്കാവൂ; ഉത്തരവുമായി ഹൈക്കോടതി
പെട്രോള്‍ പമ്പിന് അടുത്ത് വണ്ടി ഒതുക്കി നിര്‍ത്തി ഉറങ്ങാന്‍ കിടന്നു. ഇതിനിടെ സ്‌കോര്‍പിയോ കാര്‍ എത്തി. ഗുണ്ടകള്‍ ഇറങ്ങി. കുറച്ചു കഴിഞ്ഞ് ബാലുവിന്റെ ഇന്നോവ എത്തി. കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. അതിന് ശേഷം അവര്‍ ബാലുവിനെ കൊന്നു. എല്ലാം നാടകമായിരുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ന്നത് എങ്ങനെയെന്ന് പരിശോധിക്കണം. ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ്-ഇതാണ് സോബി ഏറ്റവും ഒടുവില്‍ വെളിപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതൊന്നും നുണപരിശോധനയില്‍ കണ്ടെത്തിയില്ല.
എന്നാൽ ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണ കടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവര്‍ അര്‍ജ്ജുനെ മറയാക്കി സ്വര്‍ണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്ബോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആര്‍ഐ അന്വേഷണം എങ്ങുമെത്തിയില്ല. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വര്‍ണം കടത്തിയ സംഘത്തില്‍ മുന്‍ മാനേജര്‍ ഉള്‍പ്പെട്ടതോടെയാണു ബാലഭാസ്‌കറിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. ഇതില്‍ കാര്യമില്ലെന്നാണ് സിബിഐയും പ്രാഥമികമായി വിലയിരുത്തുന്നത്.
Post Your Comments