KeralaMollywoodLatest NewsNewsEntertainment

ഞങ്ങളുടെ മകൾ കല്യാണിയെ എഴുത്തിനിരുത്തിയത് ഹരൻ സാറാണ്, ആ ഗുരുത്വം അവൾക്കു കിട്ടിയിട്ടുമുണ്ട്; പ്രിയദർശൻ

ആ സിനിമയിൽ ഹീറോ വില്ലനാണ്. അസാമാന്യ ധൈര്യമുള്ള സംവിധായകനേ അങ്ങനെയൊരു സിനിമ ചെയ്യാൻ കഴിയൂ

മലയാളത്തിന്റെ പ്രിയസംവിധായകനാണ് പ്രിയദർശൻ. ജെസി ഡാനിയേൽ പുരസ്കാരം സ്വന്തമാക്കിയ സംവിധായകൻ ഹരിഹരനെക്കുറിച്ചു പ്രിയദർശൻ പങ്കുവച്ച വാക്കുകൾ വൈറൽ.

”ചിലരെ നമ്മൾ ഗുരുക്കന്മാരായി കാണുന്നത് അവരുടെ കീഴിൽ ജോലി ചെയ്തതുകൊണ്ടോ അവർ നമ്മളെ നേരിട്ട് എന്തെങ്കിലും പഠിപ്പിച്ചതുകൊണ്ടോ അല്ല. ഹരിഹരൻ സാറിനെ ഞാൻ ഗുരുവായി മനസ്സിൽ കാണുന്നത് അദ്ദേഹം തെളിച്ചുതന്ന വഴി എനിക്കു വെളിച്ചം പകർന്നതുകൊണ്ടാണ്. അതു തീർത്താൽതീരാത്ത കടപ്പാടുമാണ്. ഗുരുവായി പലരെയും മനസ്സിൽ കരുതും; അവരിൽ ആദ്യം വരുന്നതു ഹരൻസാർ തന്നെയാണ്.

വീണ്ടും വീണ്ടും കാണുകയും മനസ്സുനിറഞ്ഞു ചിരിക്കുകയും ചെയ്ത ഹരൻ സാറിന്റെ സിനിമകളുണ്ട്. കളിയല്ല കല്യാണം, കോളജ് ഗേൾ, അയലത്തെ സുന്ദരി എന്നിവയെല്ലാം തമാശയുടെ പുതിയ രൂപമായിരുന്നു. സാഹചര്യം തന്നെ കോമഡിയായി മാറുന്നതു ഞാൻ കണ്ടത് ഈ സിനിമകളിലാണ്. പിന്നീടു സിനിമയിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ് അറിയുന്നത് ഇത്തരം സീനുകൾ സൃഷ്ടിക്കാൻ എത്ര പ്രയാസമാണെന്ന്. സാഹചര്യങ്ങൾ ഒന്നിനു പിറകെ ഒന്നൊന്നായി വരണം. അതിൽ ഒന്നോ രണ്ടോ എണ്ണം പാളിപ്പോയാൽ എല്ലാം പാളും. ഹരൻ സാർ ചരടുപൊട്ടാതെയാണ് ഈ സിനിമകളെല്ലാം ചെയ്തത്. എന്റെ പാഠപുസ്തകം ആ സിനിമകളാണ്.</p>

ചെന്നൈയിൽ ആദ്യകാലത്തു പരിചയപ്പെട്ടവരെയെല്ലാം ഞാൻ വിളിക്കാറുള്ളതു ചേട്ടാ എന്നാണ്. എന്നാൽ, ഇദ്ദേഹത്തെ മാത്രം സാർ എന്നു വിളിച്ചു. മോഹൻലാലും അങ്ങനെയാണു വിളിക്കുന്നത്. പണ്ടുമുതലേ ബഹുമാനം കലർന്ന സ്നേഹമാണ് എനിക്കുണ്ടായിരുന്നത്. തറവാട്ടിലെ മുതിർന്ന ഒരാളോടു തോന്നുന്ന സ്നേഹം.

കോമഡി സിനിമ ചെയ്തിരുന്ന ഹരൻ സാർ പെട്ടെന്നാണു ട്രാക്ക് മാറ്റിയത്. ശരപഞ്ജരം എന്ന സിനിമ കണ്ടപ്പോൾ അദ്ഭുതം തോന്നി. ആ സിനിമയിൽ ഹീറോ വില്ലനാണ്. അസാമാന്യ ധൈര്യമുള്ള സംവിധായകനേ അങ്ങനെയൊരു സിനിമ ചെയ്യാൻ കഴിയൂ. അന്നത്തെ കാലത്ത് അത്തരമൊരു സിനിമയെക്കുറിച്ച് ഇന്ത്യയിലാരും ആലോചിച്ചു കാണില്ല. ഗൗരവമുള്ള സിനിമകൾ ചെയ്യാൻ തുടങ്ങിയതോടെ അതും മലയാളത്തിലെ നാഴികക്കല്ലുകളായി. ‘വടക്കൻ വീരഗാഥ’ പോലൊരു സിനിമയെക്കുറിച്ചു പറയാതെ മലയാള സിനിമയുടെ ചരിത്രം എഴുതാനാകില്ല. ‘പരിണയം’ പോലൊരു സിനിമ അദ്ദേഹത്തിനല്ലാതെ ആർക്കു ചെയ്യാനാകും?

ഞങ്ങളുടെ മകൾ കല്യാണിയെ എഴുത്തിനിരുത്തിയത് ഹരൻ സാറാണ്. ആ ഗുരുത്വം അവൾക്കു കിട്ടിയിട്ടുമുണ്ട്. ജീവിതം സിനിമയ്ക്കുവേണ്ടി മാത്രം സമർപ്പിച്ചൊരു മനുഷ്യനു കേരളം നൽകുന്ന സമർപ്പണമാണ് ജെ.സി.ഡാനിയേൽ പുരസ്കാരം. ഇതു മലയാളത്തിലെ സാധാരണക്കാരുടെ ഗുരുവന്ദനമാണ്.”

shortlink

Related Articles

Post Your Comments

Related Articles


Back to top button