കാസര്‍കോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കോസില്‍ എം സി കമറുദ്ദീന്‍ എം എല്‍ എ യെ പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ചോദ്യം ചെയ്യല്‍. കൂടുതല്‍ കേസുകളില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.
നിക്ഷേപകരുടെ പണം ഏതെല്ലാം രീതിയില്‍ ഉപയോഗിച്ചു, ബെംഗളൂരുവിലെ ഭൂമിയടക്കം സ്വകാര്യ സ്വത്ത് സമ്പാദനത്തിന്റെ വിശദാംശങ്ങള്‍, ബിനാമി ഇടപാടുകള്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങളാണ് അന്വേഷണ സംഘം എംഎല്‍എയില്‍ നിന്ന് ചോദിച്ചറിയുക.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കമറുദ്ദീനെതിരെ പതിമൂന്ന് കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്നും ഇവ ശേഖരിക്കാന്‍ രണ്ട് ദിവസത്തെ കസ്റ്റഡി അനിവാര്യമെന്ന പ്രൊസിക്യൂഷന്റെ വാദം പരിഗണിച്ചായിരുന്നു കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്.
അതേസമയം കമറുദ്ദീന്റെ ജാമ്യാപേക്ഷ ഈ മാസം 11 ന് പരിഗണിക്കും.
എന്നാല്‍ ഒളിവില്‍ പോയ ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാള്‍ ജില്ല വിട്ടതായാണ് വിവരം. ഇയാളുടെ വീട്ടിലും പോകാനിടയുള്ള സ്ഥലങ്ങളിലും അന്വേഷണ സംഘം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോടതിയില്‍ കീഴടങ്ങാനാണ് പൂക്കോയ തങ്ങളുടെ നീക്കമെന്നാണ് സൂചന. സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നും എല്ലാം പൂക്കോയ തങ്ങളാണ് ചെയ്തതെന്നുമാണ് എംസി കമറുദ്ദീന്‍ പറയുന്നത്.
Post Your Comments