മലപ്പുറം: ബിഹാറില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചുവെന്നും മഹാ സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ലെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയം ഭാവിയില്‍ ബിജെപിക്ക് സുഖകരമാവില്ലെന്ന സൂചന ബിഹാറില്‍ നിന്നും വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ മഹാസഖ്യത്തിന്റെ മുന്നേറ്റമാണ് കണ്ടത്. എന്നാല്‍ പിന്നീട് ഒരു ഘട്ടത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ആര്‍ജെഡി ലീഡ് ചെയ്തു പോയെങ്കിലും ബിജെപി ലീഡുയര്‍ത്തി. ഇപ്പോള്‍ ആര്‍ജെഡി ബിജെപിയുമായുള്ള ലീഡ് വ്യത്യാസം കുറച്ചു കൊണ്ടു വരികയാണ്. ബിജെപിയും ആര്‍ജെഡിയും തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ജെഡിയുവിനും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി
ഉച്ചയ്ക്ക് 12 മണിക്കുള്ള കണക്ക് അനുസരിച്ച് എന്‍ഡിഎ സഖ്യം 126 സീറ്റിലും മഹാസഖ്യം 105 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഇരുമുന്നണികളിലും ഉള്‍പ്പെടാത്ത സ്വതന്ത്രര്‍ അടക്കമുള്ള ചെറുകക്ഷികള്‍ 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 73 മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെ മാത്രമാണ് ലീഡെന്നത് ഫലം അപ്രവചനീയമാക്കുന്നു. വോട്ടെണ്ണല്‍ തുടങ്ങി നാലരമണിക്കൂര്‍ പിന്നിടുമ്പോള്‍ മൂന്നിലൊന്ന് വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞതെന്നാണ് വ്യക്തമാകുന്നത്.
Post Your Comments