പട്ന: ബീഹാറില്‍ ഇനിയും വോട്ടുകള്‍ എണ്ണിതീര്‍ന്നിട്ടില്ല. ഇതുവരെയും എന്‍ഡിഎ തന്നെയാണ് ലീഡ് തുടരുന്നത്. അതേസമയം, ബിഹാറില്‍ ജെഡിയു-ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങി. നിതീഷ് കുമാര്‍ സിന്ദാബാദ് എന്ന് വിളിച്ചാണ് പട്നയിലും മറ്റു നഗരങ്ങളിലും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. എന്‍ഡിഎ മുന്നേറുന്നു എന്ന സൂചനകള്‍ വന്നതിനെ തുടര്‍ന്നാണ് ആഹ്ലാദം. അതേസമയം, ജെഡിയു പ്രവര്‍ത്തകര്‍ ആഹ്ലാദം തുടങ്ങിയ ശേഷമാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചത്. ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റില്‍ ബിജെപിയാണ് മുന്നേറുന്നത്. ഹര ഹര മഹാദേവ എന്ന് വിളിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. ചായം പൂശിയും ബാന്‍ഡ് മേളത്തിന്റെ അകമ്ബടിയോടെയുമായിരുന്നു ബിജെപിയുടെ വിജയ നൃത്തം.
ഇന്ന് രാവിലെ ബിജെപി, ജെഡിയു ഓഫീസുകള്‍ കാലിയായിരുന്നു. ഫല സൂചനകള്‍ വന്നതോടെയാണ് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് എത്തി തുടങ്ങിയത്. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ മഹാസഖ്യം ജയിക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. ഇത് പ്രതീക്ഷിച്ചാണ് ബിജെപി-ജെഡിയു പ്രവര്‍ത്തകരും ഇരുന്നത്. എന്നാല്‍ ഫലം തങ്ങള്‍ക്ക് അനുകൂലമാണെന്ന് അറിഞ്ഞതോടെ കാര്യങ്ങള്‍ മാറി. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഓഫീസുകളിലേക്ക് എത്തുകയായിരുന്നു.
Post Your Comments