കൊച്ചി: അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകും മുമ്പെ മന്ത്രി കെ.ടി.ജലീലിന്റെ ഫേസ്ബുക്കില്‍ ‘മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട’ എന്ന തലക്കെട്ടോടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് വിവാദമായി. വിവാദമായപ്പോള്‍ ആ പോസ്റ്റ് പിന്‍വലിച്ച് തലയൂരുകയും ചെയ്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുമ്പോള്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാന്‍ മന്ത്രി കെ.ടി ജലീല്‍ മുന്‍കൂട്ടി തയ്യാറാക്കിയ കുറിപ്പായിരുന്നു ഇത്. എന്നാല്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് മന്ത്രിയിറങ്ങുന്നതിന് മുന്‍പ് പോസ്റ്റ് മന്ത്രിയുടെ അക്കൗണ്ടില്‍ പരസ്യമായി. മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ മന്ത്രിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ അബദ്ധം മനസിലാക്കി പോസ്റ്റ് പിന്‍വലിച്ചു. പിന്നീട് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് പോസ്റ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.
Read Also : കുരുക്ക് മുറുക്കി വെറുതേ സമയം കളയേണ്ട; കയര്‍ പൊട്ടുകയല്ലാതെ മറ്റൊന്നും സംഭവിക്കില്ല: കെ ടി ജലീല്‍
ചോദ്യം ചെയ്യലിന് വലിയ വാര്‍ത്താപ്രാധാന്യം നല്‍കിയ മാദ്ധ്യമങ്ങളെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ ലക്ഷ്യം വെച്ചത്. പോസ്റ്റ് നേരത്തെ പ്രത്യക്ഷപ്പെട്ടതോടെ ഈ തിരക്കഥയും പൊളിഞ്ഞു. ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വര്‍ണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയര്‍ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിന്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഒരിക്കല്‍കൂടി ആവര്‍ത്തിക്കുന്നതായി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എന്റെ കഴുത്തില്‍ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവര്‍ കുഴയുകയോ കയര്‍ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തില്‍ നിന്നുള്ള മനോധൈര്യമാണെന്നും ജലീല്‍ പറയുന്നു.
Post Your Comments