വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള യുഎസിന്റെ സൗഹൃദബന്ധം ബൈഡന് വന്നാലും മാറില്ല… ഇനി മോദി-ബൈഡന് കൂട്ടുകെട്ട് . എതിരാളികളുടെ വായ അടപ്പിയ്ക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ. 273 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റാകുമ്പോള്‍ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്. ലോകത്തെ വന്‍ ശക്തി രാജ്യമായതിനാല്‍ അമേരിക്കയിലെ ഓരോ മാറ്റങ്ങളും ആഗോള സമൂഹത്തെ ബാധിക്കും. ഡൊണാള്‍ഡ് ട്രംപ് മാറി ജോ ബൈഡന് വരുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യമുണ്ട്… ഇന്ത്യയ്ക്ക് നേട്ടമാണോ അതോ കോട്ടമാണോ.
ബറാക് ഒബാമ പ്രസിഡന്റായിരുന്ന വേളയില്‍ വൈസ് പ്രസിഡന്റായിരുന്നു ജോ ബൈഡന്. ഇന്ത്യയുമായി അടുത്ത ബന്ധമാണ് അദ്ദേഹം താല്‍പ്പര്യപ്പെട്ടിരുന്നത്. അതിന് മുമ്ബ് സെനറ്റിലെ വിദേശാക്യ സമിതി അധ്യക്ഷനായിരുന്ന വേളിയിലും ബൈഡന് ഇന്ത്യയെ പ്രത്യേകം പരിഗണിച്ചിരുന്നു. 2020ല്‍ ഇന്ത്യയും അമേരിക്കയുമാകണം ലോകത്തെ ഏറ്റവും സൗഹൃരാജ്യങ്ങള്‍ എന്ന് 2006ല്‍ ബൈഡന് പറഞ്ഞിട്ടുണ്ട്. 2008ല്‍ ഇന്തോ-അമേരിക്ക ആണവ കരാറിന് ബൈഡന് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ഏറെ കാലമായുള്ള ആവശ്യത്തെ പിന്തുണച്ച വ്യക്തിയാണ് ബൈഡന്. ഇന്ത്യയുമായി പ്രതിരോധ സഹകരണം ശക്തമാക്കാനുള്ള നീക്കത്തോടും അദ്ദേഹം യോജിച്ചിരുന്നു. ഭീകരതക്കെതിരായ നടപടിയില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ ഒബാമയും ബൈഡനും തയ്യാറായിരുന്നു. ഭീകരതയോട് യാതൊരു വിട്ടുവീഴ്ച്ചയും വേണ്ട എന്ന നിലപാടുള്ള വ്യക്തിയാണ് അദ്ദേഹം. എന്നാല്‍ പാകിസ്താനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അദ്ദേഹം അത്ര പ്രതികരിച്ചിട്ടില്ല എന്നതാണ് സത്യം.
ട്രംപ് പ്രസിഡന്റായ ശേഷം ഇന്ത്യയുമായി പ്രത്യേക അടുപ്പം കാണിച്ചിരുന്നു. മാത്രമല്ല, പാകിസ്താനുമായും ചൈനയുമായും കടുത്ത എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബൈഡന് ഇതില്‍ നിന്ന് വ്യത്യസ്തനാകുമെന്നാണ് കരുതുന്നത്. ചൈനീസ് അതിര്‍ത്തി വിഷയത്തില്‍ ട്രംപ് നല്‍കിയിരുന്ന പിന്തുണ ബൈഡനും ഇന്ത്യയ്ക്ക് നല്‍കുമെന്നാണ് മോദി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിലെ ബൈഡന്റെ നിലപാട് അറിയാന്‍ കാത്തിരിക്കണം.
ട്രംപ് കുടിയേറ്റത്തിന് എതിരായിരുന്നു. ബൈഡന് മറിച്ചാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് ഗുണമാകുന്ന എച്ച്1ബി വിസയില്‍ ഇളവുണ്ടാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. കശ്മീര്‍, എന്‍ആര്‍സി, സിഎഎ വിഷയത്തില്‍ ബൈഡന് ഭരണകൂടം എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതും വളരെ പ്രസക്തമാണ്.
Post Your Comments