KeralaLatest NewsNewsDevotional

കേരളീയ ക്ഷേത്രങ്ങളും ആചാരങ്ങളും

ക്ഷേത്രം മനുഷ്യശരീരത്തിന്‍റെ തന്നെ പ്രതീകമാണെന്നാണ് വിശ്വാസം. കേരളീയ ക്ഷേത്രങ്ങളില്‍ അകത്തെ ബലിവട്ടം, നാലമ്പലം, വിളക്കുമാടം, പുറത്തെ പ്രദക്ഷിണവഴി, പുറം മതില്‍ എന്നിങ്ങനെ അഞ്ചു പ്രകാരങ്ങളുണ്ടാവും. ദേവന്‍റെ സ്ഥൂലശരീരത്തെയാണ് ക്ഷേത്ര ശില്‍പ്പം പ്രതിനിധാനം ചെയ്യുന്നത്. ശ്രീകോവിലിനുള്ളിലുള്ള ദേവ പ്രതിഷ്ഠയും അതിനടിയിലുള്ള ഷഡാധാര പ്രതിഷ്ഠയും ദേവന്‍റെ സൂക്ഷ്മശരീരത്തെ സൂചിപ്പിക്കുന്നവയാണ്. സാധാരണ ഒരു ക്ഷേത്രത്തില്‍ ഉഷപൂജ , ഏതൃത്തപൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ചു പൂജകളാണുണ്ടാവുക. ബ്രാഹ്മമ മുഹൂര്‍ത്തത്തില്‍ ശംഖനാദത്തോടും വാദ്യഘോഷത്തോടും കൂടി പള്ളിയുണര്‍ത്തുമ്പോള്‍ ക്ഷേത്രത്തില്‍ ഒരു ദിനം ആരംഭിക്കുന്നു.

കുളിയും പ്രാതഃസന്ധ്യ വന്ദനാദികളും കഴിഞ്ഞ് മേല്‍ശാന്തി തറ്റുടുത്ത്, കാലുകഴുകി ആചമിച്ച്, ജപിച്ചു തളിച്ച്, തിരുനടയില്‍ വന്ന് അഭിവാദ്യം ചെയ്തും മണിയടിച്ച് നട തുറക്കുന്നു. അകത്തു കടന്നാല്‍ മേല്‍ശാന്തി ആദ്യം വിളക്കു തെളിയിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് തലേദിവസം അണിയിച്ച മാലകളും പൂജിച്ച പുഷᅲങ്ങളും മാറുന്നു. വിഗ്രഹത്തില്‍ നിന്നും ഇവ മാറ്റുന്നതിനു മുമ്പു നടത്തുന്ന ദര്‍ശനത്തിന് നിര്‍മ്മാല്യ ദര്‍ശനം എന്നാണ് പറയുന്നത്. നിര്‍മ്മാല്യ ദര്‍ശനം അതിവിശിഷ്ടമായി ഭക്തജനങ്ങള്‍ കരുതുന്നു. നിര്‍മ്മാല്യം മാറ്റിയതിനു ശേഷം എണ്ണയാടി, ഇഞ്ച, വാകപ്പൊടി ഇവകളാല്‍ ദേവനെ തേച്ചു കുളിപ്പിക്കുന്നു. തീര്‍ത്ഥമുണ്ടാക്കി അഭിഷേകാദികളും അലങ്കാരങ്ങളും ചെയ്തു മലര്‍നിവേദ്യം കഴിഞ്ഞാല്‍ ഉഷഃപൂജ തുടങ്ങുകയായി. ഉഷഃപൂജയും ഏത്യത്തപൂജയും കഴിഞ്ഞാല്‍ ശീവേലി എന്ന ചടങ്ങു നടക്കുന്നു. ദേവന്‍റെ പാര്‍ഷദന്‍മാര്‍ക്കും ദ്വാസ്ഥന്മാര്‍ക്കും പരിവാരങ്ങള്‍ക്കും ധ്വജശേഖരന്‍മാര്‍ക്കും ബലിതൂവുന്ന ഈ ചടങ്ങോടു കൂടി രാവിലത്തെ പൂജകള്‍ അവസാനിക്കുന്നു. പിന്നീട് നടത്തുന്ന പൂജയ്ക്കാണ് പന്തീരടി എന്നു പറയുന്നത്. നിത്യനവകവും അഞ്ചു പൂജകളുമുള്ള ക്ഷേത്രങ്ങളില്‍ പന്തീരടിക്കാണ് നവകം പൂജിച്ച് അഭിഷേകം ചെയ്യുന്നത്. നവകമെന്നത് ഒരു മന്ത്രമാണ്. ഒന്‍പത് സംഖ്യയുടെ കൂട്ടമെന്നാണിതിന്‍റെ അര്‍ഥം.

പിന്നെ ഉച്ചപൂജ. അതിനു ശേഷം ഉച്ചശീവേലിയോടു കൂടി മദ്ധ്യാഹ്നം വരെയുള്ള പൂജകള്‍ സമാപിക്കുന്നു. വൈകുന്നേരം അഞ്ചു മണിയോടുകൂടി ആരംഭിക്കുന്ന സായാഹ്ന പൂജകള്‍ രാത്രി എട്ടുമണിവരെയുണ്ടാകും. പ്രദോഷ ദിവസങ്ങളില്‍ സന്ധ്യക്ക് ശിവക്ഷേത്രങ്ങളില്‍ പ്രദോഷ പൂജയോടൊപ്പം അഭിഷേകവും പതിവുണ്ട്. മറ്റു ദിവസങ്ങളില്‍ സന്ധ്യയ്ക്ക് അഭിഷേകം പതിവില്ല. ദീപാരാധനയ്ക്കു ശേഷം അത്താഴപൂജയും അതു കഴിഞ്ഞാല്‍ അത്താഴ ശീവേലിയും നടത്തി നട അടയ്ക്കുന്നതോടെ ഒരു ദിവസത്തെ പൂജാക്രമം അവസാനിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button