ചെന്നൈ: അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ തുടങ്ങിയ പാര്‍ട്ടിക്കും തനിക്കും തമ്മില്‍ ബന്ധമില്ലെന്ന വിശദീകരണവുമായി നടന്‍ വിജയ്. തന്റെ പാര്‍ട്ടി എന്ന നിലയില്‍ ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുത്. തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും വിജയ് പ്രസ്താവനയില്‍ പറഞ്ഞു. ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടിയാക്കി റജിസ്റ്റര്‍ ചെയ്യാന്‍ നടന്‍ വിജയ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷ നല്‍കിയെന്ന വാര്‍ത്ത വന്നതിനുപിന്നാലെയാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്.
”ഇന്ന്, എന്റെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. അവര്‍ ആരംഭിച്ച പാര്‍ട്ടിയുമായി എനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലെന്ന് എന്റെ ആരാധകരെയും പൊതുജനങ്ങളെയും ആത്മാര്‍ത്ഥമായി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ‘
‘ഇതിലൂടെ, ഭാവിയില്‍ സംഭവിക്കാനിടയുള്ള രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനത്തിലും ഞാന്‍ ഉത്തരവാദിയല്ല. എന്റെ അച്ഛന്‍ ആരംഭിച്ചതുകൊണ്ട് എന്റെ ആരാധകര്‍ ആ പാര്‍ട്ടിയില്‍ ചേരേണ്ടതില്ല. പാര്‍ട്ടിക്ക് നമ്മളുമായോ നമ്മുടെ സംഘടനയുമായോ ഒരു ബന്ധവുമില്ല. എന്റെ പേരോ ചിത്രമോ വിജയ് മക്കള്‍ ഇയക്കം എന്ന പേരോ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കും”- വിജയ് പ്രസ്താവനയില്‍ പറയുന്നു.
‘അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം’ എന്ന പേരില്‍ സംഘടന റജിസ്റ്റര്‍ ചെയ്യാന്‍ വിജയ് അപേക്ഷ നല്‍കിയതായുള്ള വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്. പാര്‍ട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ കൂടിയായി അച്ഛന്‍ എസ് എ ചന്ദ്രശേഖറെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും അപേക്ഷയില്‍ ചേര്‍ത്തിട്ടുള്ളതായുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. നിലവില്‍ വിജയ് ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ചന്ദ്രശേഖറാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാക്കി പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു. ജനം ആവശ്യപ്പെടുമ്ബോള്‍ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കി മാറ്റുമെന്നുമാണ് അദ്ദഹം പറഞ്ഞത്. വിജയ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെയായിരുന്നു ചന്ദ്രശേഖറിന്റെ പ്രതികരണം. ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments