ക്യാൻസറിനെ അതിജീവിച്ച് യുവാവ് ജീവിതത്തിലേക്ക്. നന്ദു മഹാദേവ എന്ന കോളേജ് വിദ്യാർത്ഥിയാണ് അതിജീവനത്തിന്റെ അനുഭവം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ജീവിതത്തിലേക്ക് മടങ്ങി വരുന്നതിന്റെ റിപ്പോർട്ട് കയ്യിൽ കിട്ടിയ ആവേശത്തോടാണ് നന്ദു അക്കാര്യം കുറിക്കുന്നത്. എം വി ആർ ക്യാൻസർ സെന്ററിലെ ഡോക്ടർമാരും അതിനേക്കാളേറെ പ്രാത്ഥനയുമായുമാണ് പുതിയൊരു ജീവിതത്തിന് വെളിച്ചം നൽകിയതെന്ന് യുവാവ് വ്യക്തമാക്കുന്നു. ‘ചികിത്സയിൽ വലത് വശത്തെ ട്യൂമർ നന്നായി ചുരുങ്ങിയിട്ടുണ്ട്. ഇടത് ശ്വാസകോശത്തിൽ ഉണ്ടായിരുന്ന ഒന്നു രണ്ടു സ്പോട്ടുകൾ പൂർണമായും അപ്രത്യക്ഷമായി പോയിരിക്കുന്നു. അദ്ഭുതകരമായ മാറ്റം തന്നെയാണ്.’ നന്ദു കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ചങ്കുകളേ ഓടിവായോ…
റിപ്പോർട്ട് വന്നു..!
വിസ്മയകരമായ മാറ്റമാണ്…
ഞാൻ വീണ്ടും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്…!
എന്നോടൊപ്പം തീർച്ചയായും ഒരു ഊർജ്ജമുണ്ട്.. അതിനെ ഈശ്വരനെന്നോ പ്രകൃതിയെന്നോ ആത്മവിശ്വാസമെന്നോ ഇഷ്ടമുള്ള പേരിൽ വിളിക്കാം.. ആ ഊർജ്ജം എനിയ്ക്ക് അനുഗ്രഹമായി പ്രവർത്തിക്കുമ്പോൾ എന്ത് തന്നെ സംഭവിച്ചാലും എന്നെ എത്ര തന്നെ തകർത്താലും ഞാൻ എഴുന്നേറ്റ് വരും..
ഇനിയെന്നെ വെട്ടി മുറിച്ചിട്ടാലും മുറി കൂടി വരും…! കൊണ്ടു വരാൻ വൈകിപ്പോയി എന്നു പറഞ്ഞ ഡോക്ടർമാർ തന്നെ അവനെ ഇപ്പോഴൊന്നും മരണം കൊണ്ടുപോകില്ല എന്നു പറയുന്നത് കേൾക്കുമ്പോൾ എനിക്കതിനെ ദൈവീകത എന്നു വിളിക്കാനാണ് ഇഷ്ടം..
ഇതുവരെയുള്ള ചികിത്സയിൽ വലത് വശത്തെ ട്യൂമർ നന്നായി ചുരുങ്ങിയിട്ടുണ്ട്..ഇടത് ശ്വാസകോശത്തിൽ ഉണ്ടായിരുന്ന ഒന്നു രണ്ടു സ്പോട്ടുകൾ പൂർണമായും അപ്രത്യക്ഷമായി പോയിരിക്കുന്നു…അദ്ഭുതകരമായ മാറ്റം തന്നെയാണ്..
എന്തായാലും ഈ ഒരു മരുന്നു പരീക്ഷണത്തിന് ധൈര്യത്തോടെ സമ്മതം മൂളിയതിന് തക്കതായ പ്രതിഫലം കൈവന്നിരിക്കുന്നു.. അതിലേറെ സന്തോഷം ഇതിൽ നമ്മൾ വിജയിച്ചാൽ അനേകായിരം പേർക്ക് ഈ കീമോ മരുന്ന് അതിജീവന മന്ത്രമാകും..
ആഗ്രഹം എന്ന വിത്തിനെ മനസ്സാകുന്ന മണ്ണിൽ പാകി ആത്മവിശ്വാസമെന്ന വളമിട്ട് വളർത്തിയാൽ സാഫല്യം എന്ന ഫലം തീർച്ചയായും ലഭിക്കും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈയുള്ളവന്റെ ജീവിതം… ഇനി ഒരു മൂന്നു കീമോ കൂടി കഴിഞ്ഞ് ഉഷാറായി ഞാൻ വരും… ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം… പ്രാർത്ഥനകൾക്ക് അപാരമായ ശക്തിയാണ്..ആ ശക്തി അനുഭവിച്ചറിഞ്ഞവനാണ് ഞാൻ..ഇപ്പോഴും ദേ അതെന്നെ സംരക്ഷിച്ചിരിക്കുന്നു.. ഇനിയും എന്റെ പ്രിയമുള്ളവരിൽ നിന്ന് എനിക്ക് വേണ്ടത് ആത്മാർത്ഥമായ സ്നേഹത്തിൽ പൊതിഞ്ഞ പ്രാർത്ഥനകൾ മാത്രമാണ്…
എനിക്ക് വേണ്ടി പ്രാർത്ഥിച്ച ഓരോരുത്തരോടും നന്ദി നന്ദി നന്ദി..
ഉമ്മകൾ
NB : എന്റെ ഈ വിജയം പൂർണമായും എന്റെ പ്രിയപ്പെട്ടവർക്ക് സമർപ്പിക്കുന്നു…
അതുപോലെ എന്നെ ഒരു കുഞ്ഞിനെ പോലെ പരിചരിക്കുന്ന MVR ക്യാൻസർ സെന്ററിലെ ഡോക്ടർമാരോടും നഴ്സുമാരോടും ഓരോ സ്റ്റാഫുകളോടും ഹൃദയംഗമമായ കൃതജ്ഞത…
Post Your Comments