തിരുവനന്തപുരം: പീഡിപ്പിക്കപ്പെട്ട സ്ത്രീ ആത്മാഭിമാനമുണ്ടെങ്കില്‍ മരിക്കുമെന്ന് പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ രംഗത്ത്. ഒരാള്‍ ഉപദ്രവിച്ചു എന്ന് അറിഞ്ഞുകൊണ്ട് തന്നെ അവരെ സമാധാനിപ്പിക്കാനെന്ന വ്യാജേന യു.ഡി.എഫ് നേതാക്കള്‍ തന്റെ ദുര്‍ബലാവസ്ഥ മുതലെടുക്കുകയാണുണ്ടായതെന്ന് സരിത ആരോപിച്ചു.
മുല്ലപ്പള്ളി പറഞ്ഞതുപോലെയുള്ള ഒരു വിഭാഗം സ്‌ത്രീകള്‍ക്കിടയില്‍ ഉണ്ടെന്ന് അദ്ദേഹത്തിന് ഏതെങ്കിലും മാനദണ്ഡം നിശ്ചയിച്ച് പറയാന്‍ പറ്റുമോ? അങ്ങനെ പറയാന്‍ അദ്ദേഹത്തിന് എന്തെങ്കിലും പരിചയസമ്ബത്തുണ്ടോ? അദ്ദേഹം ഇതില്‍ ഗവേഷണം നടത്തിയിട്ടുണ്ടോ? സ്ത്രീയെ ബഹുമാനിക്കുന്ന ഒരാളും മറ്റു സ്‌ത്രീകളെ, അവര്‍ എത്ര മോശപ്പെട്ടവരായാലും ഇങ്ങനെ വിശേഷിപ്പിക്കില്ല. ഒരു സ്ത്രീയെ പൊക്കിക്കൊണ്ടുവന്നാല്‍ തീരുന്നതാണോ യു.ഡി.എഫിന്റെ ശക്തിയെന്നും അവര്‍ ചോദിച്ചു.
എന്നെ പോലെ കുറച്ച് പേര്‍ മാത്രമാണ് ഉണ്ടായ ദുരവസ്ഥ പുറത്തു പറയാന്‍ തയ്യാറായിട്ടുളളത്. അങ്ങനെയുള്ള ഒരു സ്‌ത്രീയ്‌ക്ക് സംരക്ഷണമാണ് കൊടുക്കേണ്ടത്. ഒരാളാല്‍ പീഡിപ്പിക്കപ്പെട്ടു, ഇനിയൊരു പീഡനമുണ്ടാകരുതെന്ന് മുല്ലപ്പള്ളി ആ പാര്‍ട്ടിയുടെ നേതാക്കളെയാണ് പഠിപ്പിക്കേണ്ടത്. അന്ന് കോണ്‍ഗ്രസിലെ സമുന്നതരായ നേതാക്കള്‍ ഇടപെട്ടതു കൊണ്ടാണ് മിക്ക കാര്യങ്ങളും ഞാന്‍ പുറത്തുപറയാതിരുന്നതെന്നും സരിത ഒരു മാധ്യമത്തോട് പറഞ്ഞു.
മുല്ലപ്പള്ളിയ്ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. വനിതാ കമ്മിഷനും പരാതി കൊടുക്കും. അദ്ദേഹം യു.ഡി.എഫാണോ എല്‍.ഡി.എഫാണോ എന്നല്ല ഞാന്‍ കാണുന്നത്. സുപ്രധാന പദവി അലങ്കരിക്കുന്ന ഒരാള്‍ ഇത്തരമൊരു പരാമര്‍ശം നടത്തരുതായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നമ്മള്‍ വാര്‍ത്തകളില്‍ കാണുന്നതാണ്. അദ്ദേഹത്തിന് എന്തോണോ പറയാനുള്ളത് അത് കോടതിയ്ക്ക് മുമ്പിൽ പറയട്ടെയെന്നും സരിത പറഞ്ഞു.
Post Your Comments