തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘം തിരുവനന്തപുരത്ത് എത്തി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും. ബിസിനസ് പങ്കാളികളുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നാണ് വിവരം. ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് നിലപാട് കടുപ്പിക്കുന്നതിനിടെയാണ് തലസ്ഥാനത്തും പരിശോധനകള്‍ നടക്കുന്നത്.
തിരുവനന്തപുരത്ത് ബിനീഷ് ബന്ധപ്പെട്ടിട്ടുള്ള ബിസിനസ് സംരംഭങ്ങള്‍ പലതാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുള്ള വിവരം. ഇതു സംബന്ധിച്ചെല്ലാം പരിശോധന നടത്തും. മരുതംകുഴിയിലുള്ള വീട് ബിനീഷ് കോടിയേരിയുടെ പേരിലുള്ളതാണ്. ഈ വീട്ടിലും പരിശോധന നടത്തുമെന്നാണ് അറിവ്. കോടിയേരി എന്ന് പേരുള്ള വീട്ടിലാണ് ബിനീഷും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. അടുത്തിടെ വരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. പിന്നീട് കോടിയേരി എകെജി സെന്ററിന് സമീപം പാര്‍ട്ടി അനുവദിച്ച ഫ്‌ലാറ്റിലേക്ക് മാറുകയായിരുന്നു.
ഇഡി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുമെന്ന സൂചന ലഭിച്ചതോടെ വീടിനുമുന്നില്‍ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ബിനീഷ് അറസ്റ്റിലായ ശേഷം കുടുംബാംഗങ്ങള്‍ വീട്ടില്‍ നിന്ന് മാറിയിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മാത്രമാണ് വീട്ടില്‍ ഉള്ളത്. ബിനീഷിന്റെയും ബിസിനസ് പങ്കാളി അബ്ദുള്‍ ലത്തീഫിന്റെയും വീട്ടിലും സ്ഥാപനങ്ങളിലും ഇഡി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും എന്നാണ് വിവരം.
അബ്ദുള്‍ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. സാമ്പത്തിക ഇടപാടുകള്‍ക്കും മയക്കുമരുന്ന് കേസിനും പുറമെ സ്വര്‍ണക്കടത്ത് കേസിലേക്ക് കൂടി കാര്യങ്ങള്‍ എത്തുന്ന രീതിയിലേക്കാണ് ഇപ്പോള്‍ അന്വേഷണ സംഘം നീങ്ങുന്നതെന്നാണ് സൂചന. കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ ഇതിന്റെ സ്രോതസ്സ് എന്തെന്ന അന്വേഷണവും നടക്കുന്നുണ്ട്.
Post Your Comments