ന്യൂഡല്‍ഹി : വ്യോമസേനയുടെ പ്രഹര ശേഷിക്ക് കരുത്ത് കൂട്ടി മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക്. നവംബര്‍ നാലിനാണ് ഈ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്തില്‍ പ്രവേശിക്കുക. മുപ്പത്തിയാറ് റഫാല്‍ വിമാനങ്ങള്‍ക്കാണ് ഇന്ത്യ ഫ്രാന്‍സിന് കരാര്‍ നല്‍കിയത്. ഇതില്‍ ആദ്യഘട്ടമായി അഞ്ച് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയിരുന്നു. ആദ്യ ബാച്ച് സെപ്തംബര്‍ പത്തിന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിതീര്‍ന്നു.
മറ്റന്നാള്‍ ഇന്ത്യയിലെത്തുന്ന റഫാലുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഫ്രാന്‍സില്‍ നിന്നും പുറപ്പെടുന്ന ഈ വിമാനങ്ങള്‍ ഇടയ്ക്ക് എവിടെയും നിര്‍ത്താതെയാവും ഇന്ത്യയിലിറങ്ങുക. ആദ്യ ഘട്ടത്തിലെത്തിയ വിമാനങ്ങള്‍ യു എ ഇയിലെ അല്‍ ദാഫ്ര എയര്‍ബേസില്‍ ഇറങ്ങി ഒരു രാത്രിമുഴുവന്‍ വിശ്രമിച്ച ശേഷമായിരുന്നു ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ ഇക്കുറി എട്ട് മണിക്കൂര്‍ നിര്‍ത്താതെയുള്ള പറക്കലിന് ശേഷമാവും മൂന്ന് റഫാലുകളും ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത്. ടാങ്കറുകളും യാത്രാമദ്ധ്യേ ഇന്ധനം പകരുവാന്‍ റഫാലുകള്‍ക്ക് ഒപ്പം പറക്കും.
2016 സെപ്തംബറില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 36 റഫാലുകള്‍ക്കാണ് ഇന്ത്യ കരാര്‍ നല്‍കിയതെങ്കിലും, മികച്ച പ്രകടനം പരിശോധിച്ച ശേഷം കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുവാനും സാദ്ധ്യതയുണ്ട്.
Post Your Comments