നാഗര്‍കോവില്‍: ആഗ്രഹങ്ങൾ സാധിക്കുന്നതിനായി നമ്മളിൽ ചിലർ പലതരത്തിൽ നേർച്ച സമർപ്പിക്കും. എന്നാല്‍ സ്വന്തം ജീവന്‍ തന്നെ നേര്‍ച്ചയായി നല്‍കിയ അത്യപുര്‍വതയില്‍ ഞെട്ടിയിരിക്കുകയാണ് നാഗര്‍കോവില്‍ നിവാസികള്‍. മുംബൈ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയ നവീന്‍ എന്ന മുപ്പത്തിരണ്ടുകാരന്റെ ആത്മഹത്യയാണ് ചര്‍ച്ചയായിരിക്കുന്നത്. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നവീന്‍ നേര്‍ച്ച നേര്‍ന്നിരുന്നു. അതു നിറവേറ്റുകയാണെന്ന് എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെടുത്തു.
Read Also: ‘മേരീ സഹേലി’; യാത്രയിൽ ഇനി പേടിവേണ്ട
ഇന്നലെ (നവംബർ-1) രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റയില്‍വേ പാളത്തില്‍ ഛിന്നഭിന്നായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നു തിരിച്ചറിയല്‍ രേഖകളും പാസ്പോര്‍ട്ടും ഒരു കുറിപ്പും കണ്ടെടുത്തു. ഇതില്‍ നിന്നാണ് മരിച്ചത് മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരായ കന്യാകുമാരി സ്വദേശി നവീനാണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ കുറിപ്പ് വായിച്ച പോലീസ് ഞെട്ടി. നവീൻ എന്‍ജിനിയറിംഗ് പഠനം കഴിഞ്ഞ് കുറേക്കാലം ജോലിക്കു ശ്രമിച്ചു. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. ഈ നേര്‍ച്ച നിറവേറ്റുന്നുവെന്നാണ് മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തിറങ്ങിയ നവീന്‍ സുഹൃത്തുക്കളെ സന്ദര്‍ശിച്ചിരുന്നു. തുടർന്നാണ് ആത്മഹത്യ ചെയ്‌തത്.
അതേസമയം മൃതദേഹം നാഗര്‍കോവില്‍ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. നവീനിന് മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കളും കൂട്ടുകാരും പറയുന്നത്. കടുത്ത അന്ധവിശ്വാസിയായിരുന്നു ഇയാള്‍ എന്നും നേര്‍ച്ച നിറവേറ്റിയില്ലെങ്കില്‍ ദൈവകോപം ഉണ്ടാകുമെന്ന് ഇയാള്‍ പലതവണ പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു. പക്ഷേ നേര്‍ച്ച ഇങ്ങനെ അവസാനിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഇതല്ലാതെ മറ്റെന്തങ്കിലും ദുരൂഹതകള്‍ സംഭവത്തിന് പിന്നില്‍ ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments