ന്യൂഡല്‍ഹി : കോൺഗ്രസ് പാർട്ടിക്ക് ‘ബിജെപി ലൈറ്റ്’ ആയി പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കോൺഗ്രസ് ഒരിക്കലും ബിജെപിയുടെ ആശയങ്ങളെ മുന്നോട്ടുവെക്കുന്നില്ല. മാത്രമല്ല, രാജ്യത്തിന്റെ മതേതര കാഴ്ചപ്പാട് തകർക്കാൻ സാധിക്കില്ലെന്നും ശശി തരൂർ വ്യക്തമാക്കി.
‘ദി ബാറ്റ്ൽ ഓഫ് ബിലോങ്ങിങ്’ എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് വാർത്താ ഏജൻസി പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഇക്കാര്യം പറഞ്ഞത്. തത്ത്വമെന്ന നിലയിലും പ്രവര്‍ത്തനരീതിയെന്ന നിലയിലും ഇപ്പോള്‍ രാജ്യത്തെ മതേതരത്വം അപകടാവസ്ഥയിലാണ്. ഭരിക്കുന്നവര്‍ ഈ വാക്ക് പോലും ഭരണഘടനയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിലര്‍ക്ക് അത്തരം ആശങ്കയുണ്ടെന്നും അത് താന്‍ അംഗീകരിക്കുന്നുവെന്നും ശശി തരൂര്‍ പ്രതികരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ‘ബിജെപി ലൈറ്റ്’ ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല, അത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ‘സീറോ’ ആക്കി മാറ്റും. ചെറിയ രീതിയില്‍പോലും ബിജെപിയുടെ ആശയങ്ങളെ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നില്ല. ബിജെപിയുടെ രൂപവും ആശയവുമല്ല കോണ്‍ഗ്രസ് പാര്‍ട്ടിയുടേത്. യഥാര്‍ഥത്തില്‍ അല്ലാത്ത ഒന്നിന്റെ ചെറിയ പതിപ്പാവാന്‍ കോണ്‍ഗ്രസ് ശ്രമിക്കരുത്. തന്റെ കാഴ്ചപ്പാടില്‍ അത്തരം ശ്രമങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments