ബെംഗളൂരു: ബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. കണ്ണൂരില്‍ നിന്നുള്ള പ്രതിനിധിയായ ബിനീഷിനെ നീക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി ക്രിക്കറ്റ് അസോസിയേഷന് കത്ത് നല്‍കിയിട്ടുണ്ട്. ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ബിനീഷ് കോടിയേരിക്കെതിരെ ഉടന്‍ നടപടിയില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ബിനീഷിനെ ജനറല്‍ ബോഡി അംഗത്വത്തില്‍ നിന്ന് ഉടന്‍ മാറ്റില്ല. കേസ് എടുത്താല്‍ മാത്രം നടപടി എടുക്കാനാകില്ലെന്നാണ് ചട്ടമെന്നും സുപ്രീം കോടതി തീരുമാനിച്ച ബൈലോ ആണ് കെസിഎ യ്ക്കുള്ളതെന്നും അസോസിയേഷൻ അറിയിച്ചു.
Post Your Comments