ന്യൂഡല്‍ഹി: പാകിസ്താനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക്…. ഇമ്രാന്‍ ഖാനെ നിയമത്തിന്റെ വഴിയിലൂടെ പാഠം പഠിപ്പിയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി . പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യ. പുല്‍വാമ ഭീകരാക്രമണം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേട്ടമാണെന്ന് പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്.
അതേസമയം, ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന പാകിസ്താന്‍ എഫ്എടിഎഫിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഭീകരതയ്ക്കെതിരെ സ്വീകരിക്കുന്ന നടപടിയില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി എഫ്എടിഎഫ് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ നീക്കം പാകിസ്താന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പായിരിക്കുകയാണ്. 40 ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം മന്ത്രി തന്നെ പരസ്യമായി ഏറ്റെടുത്ത സാഹചര്യത്തില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഇന്ത്യ പ്രധാനമായും ഉന്നയിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍വെച്ച് തന്നെ ആക്രമിക്കാന്‍ സാധിച്ചെന്നും ഇത് ഇമ്രാന്‍ ഖാന്റെ ഏറ്റവും വലിയ നേട്ടമാണെന്നുമായിരുന്നു ഫവാദ് ചൗധരിയുടെ പ്രസ്താവന. തടവിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ തിരിച്ചു നല്‍കിയത് ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താലാണെന്ന് പാക് പ്രതിപക്ഷം വെളിപ്പെടുത്തിയിരുന്നു. പാകിസ്താന്‍ മുസ്ലിം ലീഗ് നേതാവ് ആയാസ് സാദിഖ് പാക് പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കവേയാണ് ഫവാദ് ചൗധരി പുല്‍വാമയിലെ ഭീകരാക്രമണത്തെ ഇമ്രാന്‍ ഖാന്റെ ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടിയത്.
Post Your Comments