ഇസ്ലാമാബാദ്: പുല്‍വാമയിലെ ഭീകരാക്രമണത്തെ പ്രകീര്‍ത്തിച്ച് പാകിസ്താന്‍. പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടത്തിയ ഭീകരാക്രമണം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേട്ടമെന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിന് കീഴിലെ ഏറ്റവും വലിയ നേട്ടമെന്നാണ് ഫവാദ് ചൗധരി പുല്‍വാമ ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത്. പാര്‍ലമെന്റിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
‘നമ്മള്‍ ഇന്ത്യയെ അവരുടെ മണ്ണില്‍വെച്ച് തന്നെ ആക്രമിച്ചു. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ സ്വന്തമാക്കിയ ഏറ്റവും വലിയ നേട്ടമാണ് പുല്‍വാമ. ഈ വിജയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പങ്കുണ്ട്’. ഫവാദ് ചൗധരി പാര്‍ലമെന്റില്‍ പറഞ്ഞു.
തടവിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ തിരിച്ചു നല്‍കിയത് ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താലാണെന്ന് പാക് പ്രതിപക്ഷം വെളിപ്പെടുത്തിയിരുന്നു. പാകിസ്താന്‍ മുസ്ലിം ലീഗ് നേതാവ് ആയാസ് സാദിഖ് പാക് പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കവേയാണ് ഫവാദ് ചൗധരി പുല്‍വാമയിലെ ഭീകരാക്രമണത്തെ ഇമ്രാന്‍ ഖാന്റെ ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടിയത്.
2019 ഫെബ്രുവരി 14നാണ് രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം ഉണ്ടായത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. 40 ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്.
Post Your Comments