ന്യൂഡൽഹി : ജമ്മു കശ്മീരിൽ എല്ലാ ഇന്ത്യക്കാർക്കും ഭൂമി വാങ്ങാൻ അനുവാദം നൽകികൊണ്ടുള്ള മോദി സർക്കാരിന്റെ നടപടി നിയമ വിരുദ്ധമാണെന്ന് പാകിസ്താൻ പറഞ്ഞു. ഉത്തരവിന് പിന്നാലെ പാക് വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് നടപടി നിയമ വിരുദ്ധമാണെന്ന് പറയുന്നത്.
ഇന്ത്യയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശങ്ങളുടെയും, പാകിസ്താനുമായുള്ള ഉഭയകക്ഷി ധാരണകളുടെയും, അന്താരാഷ്ട്ര ധാരണകളുടെയും ലംഘനമാണ് ഇത്. 2019 ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞതും, പിന്നീട് ഭൂനിയമത്തിൽ മാറ്റം വരുത്തിയതും കശ്മീരികളെ അവരുടെ സ്വന്തം മണ്ണിൽ ന്യൂനപക്ഷങ്ങളാക്കി മാറ്റുന്നതിന് വേണ്ടിയാണെന്നും പാകിസ്താൻ ആരോപിച്ചു.
ഒരു പ്രദേശത്ത് ജനസംഖ്യാപരമായ മാറ്റം കൊണ്ടുവരുന്നത് നാലാമത് ജനീവ കൺവെൻഷനിലെ ധാരണകളുടെ ലംഘനമാണ്. എല്ലാ നടപടികളും ജമ്മു കശ്മീരിലെ പാവപ്പെട്ട ജനങ്ങളുടെ മേൽ അടിച്ചമർത്തുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിനൊന്നും തന്നെ ജമ്മു കശ്മീരിന്റെ തർക്ക സ്വഭാവത്തെ മാറ്റാൻ കഴിയില്ലെന്നും പാകിസ്താൻ പ്രസ്താവനയിൽ പറയുന്നു.
Post Your Comments