കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നാല് മാസം നീണ്ട അന്വേഷണത്തില്‍ ശിവശങ്കര്‍ കുടുങ്ങിയത് 94-ാം ചോദ്യത്തില്‍. അഭ്യൂഹങ്ങള്‍, വിവാദങ്ങള്‍, ദേഹാസ്വാസ്ഥ്യം, ആശുപത്രിവാസം, മുന്‍കൂര്‍ ജാമ്യാപേക്ഷ എന്നിവയ്ക്കെല്ലാം ശേഷം ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത് ഈ ചോദ്യമാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെ വീഴ്‌ച്ച വളരെ ഉയരങ്ങളില്‍ നിന്നാണ്. ഒരു വന്മരത്തിന്റെ വീഴ്‌ച്ച തന്നെ ആയതിനാല്‍ അരികു പറ്റി നില്‍ക്കുന്ന പലര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ചിരിക്കുന്നത് സിപിഎമ്മിനും സര്‍ക്കാറിനും തന്നെയാണ്.
‘സ്വപ്നയുമായി സംയുക്ത ബാങ്ക് ലോക്കര്‍ തുറക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിനോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് താങ്കള്‍ മുന്‍പ് പറഞ്ഞത്.ലോക്കറില്‍ വയ്ക്കാന്‍ സ്വപ്ന എത്ര തുകയാണ് വേണുഗോപാലിന് കൈമാറിയതെന്ന് അറിയില്ലെന്നും താങ്കള്‍ പറഞ്ഞു. ലോക്കര്‍ ഇടപാടുകള്‍ ഓരോന്നും വേണുഗോപാല്‍ താങ്കളെ അറിയിക്കാറില്ലെന്നും പറഞ്ഞു. എന്നാല്‍, വേണുഗോപാല്‍ നല്‍കിയ മൊഴികളും നിങ്ങള്‍ തമ്മിലുള്ള വാട്സപ്പ് സന്ദേശങ്ങളും താങ്കളുടെ മൊഴികള്‍ വാസ്തവ വിരുദ്ധമാണെന്ന് തെളിയിക്കുന്നു.’ 94-ാം ചോദ്യമിതാണ്.
ഇതിന് നല്‍കിയ ഉത്തരം ശിവശങ്കരന് പിഴച്ചു. ജൂലൈ അഞ്ചാം തീയതി രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന പ്രതിയായതോടെയാണ് കസ്റ്റംസ് അന്വേഷണത്തിന്റെ തുമ്പ് പിടിച്ച് ശിവശങ്കറിലേക്ക് എത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ശിവശങ്കര്‍ പിടിച്ചു നിന്നു. എന്നാല്‍, 94-ാം ചോദ്യത്തില്‍ ഇയാള്‍ നല്‍കിയ അവ്യക്തമായ ഉത്തരമാണ് അറസ്റ്റിലേക്കു നയിച്ചത്.
‘ മുന്‍ ഉത്തരങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. ഒരു തുക രേഖപ്പെടുത്തിയ വാട്സ്‌ആപ്പ് സന്ദേശം നിങ്ങളെന്നെ കാണിച്ചു. അതായിരിക്കാം കൈമാറിയ തുക. മുന്‍ ചോദ്യങ്ങള്‍ക്കുത്തരം നല്‍കിയപ്പോള്‍, പരിശോധിക്കാനായി വാട്ട്സ്‌ആപ്പ് സന്ദേശങ്ങള്‍ എന്റെ കൈവശം ഉണ്ടായിരുന്നില്ല. അതു കൊണ്ട്, ഞാന്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന് വാദം പൂര്‍ണമായി ന്യായീകരിക്കാന്‍ കഴിയില്ല. ലോക്കറിന്റെ ഇടപാടുകള്‍ വേണുഗോപാല്‍ എന്നെ അറിയിച്ചതിന്റെ സൂചനയല്ല വാട്സ്‌ആപ്പ് സന്ദേശങ്ങള്‍.’ എന്നായിരുന്നു ശിവശങ്കറിന്റെ ഉത്തരം.
ഈ മറുപടി തൃപ്തികരമല്ലെന്ന കണ്ടെത്തലിലാണ് അദ്ദേഹത്തെ പൂട്ടിയത്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായുള്ള വാട്‌സാപ് ചാറ്റുകള്‍ പണമിടപാടിലെ പങ്കിന് തെളിവായി. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയും ശിവശങ്കറിന് എതിരാണ്. സ്വപ്നയ്ക്ക് ലോക്കര്‍ എടുത്തുനല്‍കിയതും ശിവശങ്കറിനെതിരായ ശക്തമായി തെളിവാകും.
മൂന്ന് കേന്ദ്ര ഏജന്‍സികളായി 92.5 മണിക്കൂറാണ് ശിവശങ്കരനെ ചോദ്യം ചെയ്തത്. പലപ്പോഴും അറസ്റ്റിന്റെ വക്കില്‍ നിന്നും അദ്ദേഹം വഴുതി പോകുകയായിരുന്നു. ഇങ്ങനെ ഓരോ തവണ വഴുതി പോയപ്പോഴും വീണ്ടും ഊതിക്കാച്ചിയ ചോദ്യങ്ങളുമായി അന്വേഷണ ഏജന്‍സികള്‍ അദ്ദേഹത്തെ വലിഞ്ഞു മുറുകി. ഇതിനിടെ ദേഹാസ്വാസ്ഥ്യം നടിച്ചു ആശുപത്രി പ്രവേശം, മുന്‍കൂര്‍ ജാമ്യാപേക്ഷ, വൈകാരിക വാദങ്ങള്‍. ഇതിനെല്ലാമൊടുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റില്‍ എത്തി നില്‍ക്കുന്നു കാര്യങ്ങൾ
Post Your Comments