മഥുര : വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തിൽ 17കാരൻ അച്ഛനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് ടു വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. 42കാരനായ മനോജ് മിശ്രയാണ് കൊല്ലപ്പെട്ടത്. അച്ഛനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ ക്രൈം പട്രോള്‍ സീരിയൽ നൂറു തവണയോളമാണ് പതിനേഴുകാരൻ കണ്ടത്.
വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തിൽ മകൻ അച്ഛനെ ഇരുമ്പു വടി കൊണ്ട് തലക്കടിക്കുകയായിരുന്നു. ബോധംകെട്ടപ്പോൾ തുണികൊണ്ട് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മെയ് രണ്ടിനാണ് സംഭവം നടന്നത്. അതിനു ശേഷം അമ്മയുടെ സഹായത്തോടെ മൃതദേഹം അഞ്ച് കിലോമീറ്റർ അകലെയുള്ള വനമേഖലയിലേക്ക് കൊണ്ടുപോയി പെട്രോളും ടോയ്‌ലറ്റ് ക്ലീനറും ഉപയോഗിച്ച് കത്തിച്ചു.
അതേസമയം മെയ് മൂന്നിന് ഭാഗികമായി പൊള്ളലേറ്റ മൃതദേഹം പൊലീസ് കണ്ടെത്തി. മൂന്നാഴ്ചയോളം മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിയാതെ പോയതായി പൊലീസ് പറഞ്ഞു. ഇസ്കോണിൽ സംഭാവന കളക്ടറായി ജോലി നോക്കുകയായിരുന്നു മനോജ് മിശ്ര. എന്നാല്‍ ജോലി സ്ഥലത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കാണാതായപ്പോള്‍ സ്ഥാപനത്തിലെ ജീവനക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മെയ് 27ന് മനോജ് മിശ്രയുടെ കുടുംബം പൊലീസില്‍ പരാതി നൽകുകയായിരുന്നു. തുടർന്ന് മൃതദേഹം മനോജിന്റേതാണെന്ന് അദ്ദേഹത്തിന്റെ ചില സഹപ്രവർത്തകർ തിരിച്ചറിഞ്ഞു.
മനോജ് പലപ്പോഴും ഭഗവദ്ഗീത പ്രസംഗിക്കാൻ പോകാറുണ്ടായിരുന്നതിനാൽ ഇദ്ദേഹത്തിന്റെ നീണ്ട അഭാവത്തിൽ സംശയമുണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മനോജിന്റെ മകനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചു. എന്നാൽ അദ്ദേഹം ഒഴിഞ്ഞുമാറുകയും ഏത് നിയമത്തിലെ വ്യവസ്ഥകളിലാണ് അവർ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതെന്ന് പൊലീസിനോട് ചോദിക്കുകയും ചെയ്തെന്ന് മഥുര പൊലീസ് സൂപ്രണ്ട് ഉദയ് ശങ്കർ സിംഗ് പറഞ്ഞു. സംശയം തോന്നിയതോടെയാണ് ഇയാളുടെ മൊബൈൽ പരിശോധിച്ചത്.
അപ്പോഴായിരുന്നു ക്രൈം പട്രോൾ സീരിയൽ നൂറ് തവണയോളം കണ്ടതായി വ്യക്തമായത്. പല തവണ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് അമ്മ സംഗീത മിശ്രയെയും അറസ്റ്റ് ചെയ്തു. കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മനോജിന്‌റെ 11 വയസുള്ള മകളെ പൊലീസ് അപ്പുപ്പനേയും അമ്മൂമ്മയേയും ഏൽപ്പിച്ചു.
Post Your Comments