സാന്റിയാഗോ: ഇനി ചിരിക്കാൻ ചിലെ. ദീർഘനാളായുള്ള പ്രക്ഷോഭങ്ങളുടെ അനന്തരഫലം. സ്വേച്ഛാധിപത്യത്തിന്റെ കറകഴുകി മനുഷ്യത്വപൂർണമായ ഭരണഘടനയ്ക്കു വോട്ടു ചെയ്ത സന്തോഷത്തിലാണു ചിലെ ജനത. പതിനായിരക്കണക്കിനു ജനം തെരുവിലിറങ്ങി തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചതു ഇപ്പോൾ യാഥാർഥ്യമാകുന്നു. തെക്കേ അമേരിക്കൻ രാജ്യമായ ചിലെയിലെ ജനാഭിലാഷപ്രകാരം ഭരണഘടന തിരുത്തപ്പെടുന്നു.
മെട്രോ റെയിൽ നിരക്കിൽ വർധന വരുത്തിയതിന് എതിരായ ചെറിയ പ്രതിഷേധമാണു ചിലെയെ പിടിച്ചുകുലുക്കിയ വൻ പ്രക്ഷോഭമായി പിന്നീട് മാറിയത്. ഉയർന്ന വേതനം, പെൻഷൻ, മികച്ച ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾ ലക്ഷക്കണക്കിനു പ്രകടനക്കാർ മുന്നോട്ടുവച്ചു. പതുക്കെ ആ ചെറു സമരം വൻ പ്രസ്ഥാനമായി, പ്രധാന മുദ്രാവാക്യം ഇതായിരുന്നു: ചിലെയുടെ ഭരണഘടന മാറ്റുക! കൂറ്റൻ പ്രകടനങ്ങൾ പ്രകമ്പനം കൊള്ളിച്ച് ഒരു വർഷത്തിനിപ്പുറം ഇക്കഴിഞ്ഞ ഞായറാഴ്ചയാണു ഭരണഘടനാ മാറ്റത്തിനുള്ള ഹിതപരിശോധനയിൽ രാജ്യം വോട്ട് ചെയ്തത്.
പ്രാഥമിക ഫലസൂചന പ്രകാരം 78 ശതമാനത്തിലേറെ പേർ പുതിയ ഭരണഘടന വേണമെന്നതിന് അനുകൂലമായി വോട്ട് ചെയ്തു. ഹിതപരിശോധനാ ഫലത്തെ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര സ്വാഗതം ചെയ്തു. ‘‘ജനാധിപത്യത്തിന്റെ ഈ വിജയം നമ്മളിൽ സന്തോഷവും പ്രത്യാശയും നിറയ്ക്കണം. ഇതുവരെ, ഭരണഘടന നമ്മെ ഭിന്നിപ്പിച്ചു. ഇനി നാമെല്ലാവരും സഹകരിക്കണം. പുതിയ ഭരണഘടന ഐക്യത്തിന്റെയും സ്ഥിരതയുടെയും ഭാവിയുടെയും വലിയ അടയാളമാകും.’’– പിനേര അഭിപ്രായപ്പെട്ടതിങ്ങനെ.
Read Also: ഒടുവിൽ പിണറായി പക്ഷവും സമ്മതിച്ചു; കേരളത്തിലും സിപിഎം–കോൺഗ്രസ് ധാരണ സാധ്യമോ?
ചിലെയുടെ നാലു പതിറ്റാണ്ട് പഴക്കമുള്ള ഇപ്പോഴത്തെ ഭരണഘടന ജനറൽ അഗസ്റ്റോ പിനോഷെയുടെ സൈനിക സ്വേച്ഛാധിപത്യ കാലത്തു തയാറാക്കിയതാണ്. ഇതിനു നിയമസാധുതയില്ലെന്നും രാജ്യത്തെ ചരിത്രത്തിലെ ഇരുണ്ടതും അക്രമാസക്തവുമായ കാലഘട്ടത്തിലേക്കു പിൻനടത്തിക്കാൻ മാത്രമേ ഇതിടയാക്കിയുള്ളൂവെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു. പിനോഷെ ഭരണത്തിലെ രാഷ്ട്രീയ അതിക്രമത്തിൽ ആയിരക്കണക്കിനു പേരാണ് മരിച്ചത്. കലാപവും കൊള്ളയും മൂലം രാജ്യത്തിന്റെ ബിസിനസുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കോടിക്കണക്കിനു ഡോളറിന്റെ നാശനഷ്ടമുണ്ടായി. പ്രതിഷേധം രൂക്ഷമായപ്പോൾ, പിനോഷെയുടെ ഭരണത്തിനുശേഷം ആദ്യമായി ജനതയെ നിലയ്ക്കുനിർത്താൻ സൈന്യവും തെരുവിലിറങ്ങി.
1915 നവംബർ 25ന് ചിലെയിലെ തുറമുഖ നഗരമായ വൽപരൈസോയിൽ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മകനായാണ് അഗസ്റ്റോ പിനോഷെ ഉഗാർട്ടെയുടെ ജനനം. അമ്മയാണു സൈനിക ജീവിതത്തിലേക്ക് തള്ളിവിട്ടത്. രാഷ്ട്രീയക്കാരന്റെ മകളായ ഭാര്യ ലൂസിയ, പിനോഷെയുടെ അഭിലാഷങ്ങളെ പ്രോത്സാഹിപ്പിച്ചു. അച്ചടക്കമുള്ള സൈനികനായി സേവനം ചെയ്ത അദ്ദേഹം 1950കളിൽ രാഷ്ട്രീയ പോരാട്ടങ്ങളുടെയും ഭാഗമായി. ചിലെയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിച്ചമർത്തലിനു നേതൃത്വം നൽകി. 1970 കളുടെ തുടക്കത്തിൽ സാൽവദോർ അലൻഡെയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പോപ്പുലർ യൂണിറ്റി സർക്കാരിന്റെ കീഴിൽ ജനറൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
പിനോഷെയെ വിശ്വസിക്കാമെന്ന ചിന്തയിൽ 1973 ജൂണിൽ പ്രസിഡന്റ് അലൻഡെ സൈന്യത്തിന്റെ കമാൻഡർ-ഇൻ-ചീഫ് ആക്കി. തന്റെ തീരുമാനം ഭീമാബദ്ധമാണെന്ന് ഏതാനും മാസത്തിനകം അലൻഡെ തിരിച്ചറിഞ്ഞു. സെപ്റ്റംബറിൽ, ചിലെയുടെ സായുധസേനയെ പ്രതിനിധീകരിച്ചുള്ള സൈനിക ഭരണകൂടത്തിന് നേതൃത്വം നൽകിയ പിനോഷെയുടെ അട്ടിമറിയിൽ അലൻഡെയ്ക്കു നഷ്ടമായത് സ്വന്തം ജീവൻ. അലൻഡെ സർക്കാരിനെ പിന്തുണച്ച മൂവായിരത്തിലധികം അനുയായികളും കൊല്ലപ്പെട്ടു. ആയിരക്കണക്കിനു പേര്‍ പീഡിപ്പിക്കാനിടയായതിനും നിരവധിപ്പേരെ നാടുകടത്തിയതിനും ഉത്തരവിട്ടതു പിനോഷെയായിരുന്നു.
പാർലമെന്റ് അടച്ചുപൂട്ടിയ അദ്ദേഹം, എല്ലാ രാഷ്ട്രീയ, ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളും നിരോധിച്ചു. 1974ൽ സ്വയം പ്രസിഡന്റായി. കമ്യൂണിസത്തിന്റെ ഭീഷണികളിൽനിന്നും രാജ്യത്തെ രക്ഷപ്പെടുത്തിയ ദേശസ്നേഹി എന്ന പരിവേഷത്തിന്റെ മറവിൽ തന്റെ ചെയ്തികളെയെല്ലാം പ്രതിരോധിച്ചു. രാജ്യ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കപ്പെട്ടപ്പോൾ പിനോഷെയുടെ നിലപാടിനെ കുറെപ്പേരെങ്കിലും പിന്തുണച്ചു. എങ്കിലും തനിക്കെതിരെ ഭിന്നാഭിപ്രായം ഉണ്ടെന്ന തിരിച്ചറിവിൽ, സൈനിക സർക്കാരിന്റെ ഭരണഘടന പ്രകാരം തുടർഭരണത്തെക്കുറിച്ച് അറിയാൻ 1988ൽ ഹിതപരിശോധന നടത്തി. അതു സിവിലിയൻ സർക്കാരിന്റെ മടങ്ങിവരവിനു വഴിയൊരുക്കി.
മനസ്സില്ലാമനസ്സോടെ 1990ൽ പിനോഷെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. സൈന്യത്തിന്റെ കമാൻഡർ-ഇൻ-ചീഫ് ആയി തുടർന്നു, 1998 ൽ ആ സ്ഥാനവും ഉപേക്ഷിച്ചു. അടുത്ത ദിവസം തന്നെ സെനറ്ററുമായി. ഒറ്റ കുറ്റകൃത്യത്തിലും ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ട പിനോഷെ, 2006 ൽ 91–ാം വയസ്സിലാണ് അന്തരിച്ചത്. പിന്നിട്ട ഞായറാഴ്ച വൈകിട്ട് രാജ്യ തലസ്ഥാനമായ സാന്തിയാഗോയിലെ പ്ലാസ ഇറ്റാലിയയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ കൈകളിലെ ബാനറുകളിൽ എഴുതിയത് ഇതായിരുന്നു: ‘വിട, ജനറൽ’. ലാറ്റിനമേരിക്കയിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നെന്നു ലോകബാങ്ക് വിശേഷിപ്പിക്കുന്ന ചിലെ, സമ്പന്നർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.
Post Your Comments