ഗാന്ധിനഗർ : രാജ്യത്ത് ആദ്യമായി കോടതി നടപടികളുടെ തത്സമയ സം പ്രേക്ഷണവുമായി ഗുജറാത്ത് ഹൈക്കോടതി . യൂട്യൂബ് വഴി പരീക്ഷണാടിസ്ഥാനത്തിലാണ് തത്സമയ സംപ്രേഷണം ആരംഭിച്ചത്.
ചീഫ് ജസ്റ്റിസിന്‍റെ കോടതിയിലെ നടപടിക്രമങ്ങളാണ് ആദ്യദിനം യൂട്യൂബ് അക്കൗണ്ടിലൂടെ സംപ്രേഷണം ചെയ്തത്. ആദ്യമണിക്കൂറില്‍ തന്നെ നിരവധി പേര്‍ ലൈവ് സ്ട്രീമിങ് കണ്ടു
കോടതി നടപടികൾ തത്സമയം കാണാൻ ആഗ്രഹിക്കുന്നവർക്ക് ഹൈക്കോടതിയുടെ ഹോംപേജിൽ നിന്ന് യൂട്യൂബ് ചാനൽ ലിങ്കിൽ കയറാനാകുമെന്ന് ചീഫ് ജസ്റ്റിസ് വിക്രം നാഥ് ഉത്തരവിൽ പറഞ്ഞു.കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ സുപ്രീം കോടതി നിർദ്ദേശിച്ചതിന് ശേഷമാണ് ഈ നീക്കം.
സുപ്രീംകോടതിയുടെ ഇ-കമ്മിറ്റി നിർദ്ദേശിച്ച മോഡൽ വീഡിയോ കോൺഫറൻസിംഗ് ചട്ടങ്ങളിൽ, വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുന്ന കോടതി ഹിയറിംഗ് കാണാൻ പൊതുജനങ്ങൾക്ക് അനുമതി നൽകുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
അഭിഭാഷകരുടെയും കക്ഷികളുടെയും പ്രതികരണം പരിഗണിച്ചാകും തുടര്‍നടപടിയെന്ന് രജിസ്ട്രാര്‍ അറിയിച്ചു . കൊറോണ വ്യാപനത്തെ തുടർന്ന് മാർച്ച് 24 മുതൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഹൈക്കോടതി പ്രവർത്തിക്കുന്നത്.
Post Your Comments