Latest NewsIndia

‘9 മണിക്കൂര്‍ ചോദ്യം ചെയ്യല്‍, മോദി ഒരു കപ്പ് കാപ്പി പോലും സ്വീകരിച്ചില്ല; ശാന്തനായിരുന്നു, നൂറോളം ചോദ്യങ്ങളില്‍ ഒന്നില്‍ നിന്നു പോലും മോദി ഒഴിഞ്ഞു മാറിയില്ല: അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

ഗാന്ധിനഗറിലെ ഓഫിസിലേക്കു വിളിച്ചു വരുത്തി അന്വേഷണ സംഘത്തിലുണ്ടായിരുന്ന അശോക് മല്‍ഹോത്രയാണു ചോദ്യം ചെയ്തത്.

ന്യൂഡല്‍ഹി∙ 2002ലെ ഗുജറാത്ത് കലാപത്തില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കു പങ്കുള്ളതായി യാതൊരു തെളിവുമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളിൽ നിന്ന് തനിക്ക് പീഡനമേൽക്കേണ്ടി വന്നതായി സിബിഐ മുന്‍ ഡയറക്ടര്‍ ആര്‍.കെ രാഘവന്‍. ‘എ റോഡ് വെല്‍ ട്രാവല്‍ഡ്’ എന്ന പുസ്തകത്തിലാണ് രാഘവന്‍ ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യ ചെയ്യലില്‍ നരേന്ദ്ര മോദി അക്ഷോഭ്യനായാണു കാണപ്പെട്ടതെന്ന് രാഘവന്‍ വ്യക്തമാക്കുന്നു.

നൂറോളം ചോദ്യങ്ങളില്‍ ഒന്നില്‍ നിന്നു പോലും മോദി ഒഴിഞ്ഞു മാറിയില്ല. ഗാന്ധിനഗറിലെ ഓഫിസിലേക്കു വിളിച്ചു വരുത്തി അന്വേഷണ സംഘത്തിലുണ്ടായിരുന്ന അശോക് മല്‍ഹോത്രയാണു ചോദ്യം ചെയ്തത്. സംസ്ഥാന ഭരണകൂടത്തിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയായിരുന്ന മോദി നേരിട്ട് എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം അത് അംഗീകരിച്ച് ഗാന്ധിനഗറിലെ ഓഫിസിലെത്തിയെന്നും രാഘവന്‍ പറയുന്നു.

‘ചോദ്യം ചെയ്യലിനിടയില്‍ ഇടവേള വേണമെന്ന് മോദി ഒരിക്കലും പറഞ്ഞില്ല. എസ്‌ഐടി ഓഫിസിലെ എന്റെ ചേംബറില്‍ ഒമ്പതു മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. രാത്രി വൈകി അവസാനിച്ച ചോദ്യം ചെയ്യലില്‍ ഉടനീളം മോദി ശാന്തനായിരുന്നു. ഊണ് കഴിക്കാന്‍ ഇടവേള വേണോ എന്നു മല്‍ഹോത്ര ചോദിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു മറുപടി. കുടിക്കാനുള്ള വെള്ളം അദ്ദേഹം തന്നെ കൊണ്ടുവന്നിരുന്നു. എസ്‌ഐടി ഓഫിസില്‍നിന്ന് ഒരു കപ്പ് കാപ്പി പോലും കുടിച്ചില്ല. മല്‍ഹോത്ര നിര്‍ബന്ധിക്കുമ്പോള്‍ മാത്രമാണ് ഇടവേള എടുത്തിരുന്നത്. അത്രത്തോളം ഊര്‍ജമായിരുന്നു ആ മനുഷ്യന്.’ – രാഘവന്‍ വിവരിക്കുന്നു.

read also: ജമ്മു കശ്മീർ ഇപ്പോൾ വിൽപ്പനയ്ക്കു വച്ചിരിക്കുകയാണ്, പുതിയ നിയമത്തെ പരിഹസിച്ച് നാഷനൽ കോൺഫെറൻസ് നേതാവ് ഒമർ അബ്ദുല്ല

മോദിയും താനും തമ്മില്‍ എന്തെങ്കിലും ധാരണയുണ്ടാക്കിയതായി ആരോപണം ഉയരുന്നുവരുമെന്നു കരുതിയാണ് ചോദ്യം ചെയ്യലില്‍നിന്നു വിട്ടുനിന്നതെന്ന് രാഘവൻ പറയുന്നു.ഗുജറാത്തിലും ഡല്‍ഹിയിലുമുള്ള മോദിയുടെ രാഷ്ട്രീയ എതിരാളികള്‍ തനിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ത്തി. മോദിയെ താന്‍ പിന്തുണയ്ക്കുകയാണെന്ന് ആരോപിച്ചു. തന്റെ ടെലഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗപ്പെടുത്തിയെന്നും രാഘവന്‍ ആരോപിക്കുന്നു.

മോദിയെ കുറ്റക്കാരനാക്കാന്‍ പാകത്തില്‍ ഒന്നും കണ്ടെത്താതിരുന്നതില്‍ അവര്‍ നിരാശരായിരുന്നുവെന്നും രാഘവന്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതി നിര്‍ദേശം പ്രകാരം കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്നു ആർ കെ രാഘവൻ. ഗുജറാത്തിലെ ഗോധ്രയില്‍ 2002 ഫെബ്രുവരി 27ന് ട്രെയിന്‍ കത്തി 58 പേര്‍ മരിച്ചതിനു പിന്നാലെ തൊട്ടടുത്ത ദിവസങ്ങളിൽ വലിയ കലാപമായിരുന്നു പൊട്ടിപ്പുറപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button