ശ്രീനഗർ : വേറിടൽ നിയമങ്ങൾ എടുത്തു കളഞ്ഞ് കശ്മീരിനെ പൂർണമായും ഇന്ത്യൻ യൂണിയനോട് ചേർത്ത് മോദി സർക്കാർ. കശ്മീരിൽ ഇനി എത് ഇന്ത്യൻ പൗരനും ഭൂമി വാങ്ങാൻ സാധിക്കുന്ന വിധത്തിൽ കേന്ദ്ര സർക്കാർ പുതിയ നിയമം പുറത്തിറക്കി. ഒക്ടോബർ 26 നു പുറത്തിറക്കിയ ഓർഡർ പ്രകാരം ജമ്മു കശ്മീർ നിവാസികളല്ലാത്തവർക്ക് ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണം റദ്ദാക്കി.
ഇതിനെതിരെ കശ്മീരിലെ പ്രാദേശിക നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. ജമ്മു കശ്മീർ ഇപ്പോൾ വിൽപ്പനയ്ക്കു വച്ചിരിക്കുകയാണെന്ന് നാഷനൽ കോൺഫെറൻസ് നേതാവ് ഒമർ അബ്ദുല്ല കേന്ദ്ര വിജ്ഞാപനത്തോടു പ്രതികരിച്ചു. മുൻപ് ജമ്മു കശ്മീരിലും ലഡാക്കിലും സ്ഥലം വാങ്ങണമെങ്കിൽ ‘സംസ്ഥാനത്തെ സ്ഥിരതാമസക്കാരനായിരിക്കണം’ എന്ന നിയമം ഉണ്ടായിരുന്നു.
ഇതാണ് കേന്ദ്രം ഒഴിവാക്കിയത്.ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്ര ഭരണപ്രദേശങ്ങളിൽ മാറ്റങ്ങൾ ഉടൻ നിലവിൽ വരും. 26 സംസ്ഥാന നിയമങ്ങൾ മാറ്റുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് നിയമം നടപ്പാക്കിയിരിക്കുന്നത്.
കശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞതിനു പുറമേ കശ്മീരിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് ജോലി ലഭിക്കുന്നതിനുള്ള തടസ്സങ്ങളും മോദി സർക്കാർ മാറ്റിയിരുന്നു. സ്ഥിരം നിവാസിയാകുന്നതിനുള്ള മാനദണ്ഡങ്ങളും ലഘൂകരിച്ചിരുന്നു.പ്രത്യേക നിയമം റദ്ദാക്കിയതോടെ മറ്റെല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും പോലെ പൂർണമായും ഇന്ത്യൻ ഭരണഘടനയുടെ നിയമങ്ങൾക്ക് കീഴിലാണിപ്പോൾ ജമ്മു കശ്മീർ.
Post Your Comments