കൊച്ചി: യുഎഇ പൊലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ഹമീദിനെ ഇന്ത്യയ്ക്ക് കൈമാറി. തിങ്കളാഴ്ച വൈകിട്ട് 4.20ന് എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇയാളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. യു എ ഇ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയത് റബിന്‍സ് ആയിരുന്നു. നേരത്തെ ഇരുവരും യുഎഇയില്‍ അറസ്റ്റിലാണെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു.
ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് റബിന്‍സിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് ദുബായിലിരുന്ന് ഏകോപിപ്പിച്ചത് റബിന്‍സും ഫരീദും ചേര്‍ന്നായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക പ്രതിയാണ് റബിന്‍സ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ റബിന്‍സിനെതിരെ മൊഴി നല്‍കിയിരുന്നു. റബിന്‍സിന് ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് അടക്കം എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തകളില്‍ നിറഞ്ഞതോടെ ഇയാള്‍ വിദേശത്ത് ഒളിവിലായിരുന്നു. ഇതിനിടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കാരണത്തില്‍ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാള്‍ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫൈസല്‍ ഫരീദിനെയും യുഎഇ അറസ്റ്റ് ചെയ്തിരുന്നു.
ഇരുവരും ഉള്‍പ്പെടെ വിദേശത്തുള്ള ആറു പ്രതികള്‍ക്കെതിരെ കസ്റ്റംസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ തുടര്‍ നടപടിയായാണ് റബിന്‍സിനെ ഇപ്പോള്‍ ഇന്ത്യയ്ക്കു കൈമാറിയിരിക്കുന്നത്.
Post Your Comments